മുംബൈ: പ്രൈമറി ക്ലാസുകളിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കത്തിനെതിരെ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും നവനിർമാൺ സേനാ നേതാവ് രാജ് താക്കറെയും ഒന്നിച്ചതിനെ സ്വാഗതം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപിക്കലിനെതിരെ ഡിഎംകെയും സംസ്ഥാനത്തെ ജനങ്ങളും നടത്തുന്ന പോരാട്ടം അതിർത്തി കടന്ന് മഹാരാഷ്ട്രയിലും കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു.
‘തമിഴ്നാട്ടിലെ സ്‌കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കുന്നില്ലെങ്കിൽ ഫണ്ട് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നിയമവിരുദ്ധവും അരാജകവാദപരവുമായി പ്രവർത്തിക്കുന്ന ബിജെപി, ജനകീയ പ്രതിഷേധത്തിന്റെ ഭീതിയിൽ മഹാരാഷ്ട്രയിൽ രണ്ടാം തവണയും പിന്മാറാൻ നിർബന്ധിതരായിരിക്കുന്നു. ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയും മൂന്നാം ഭാഷ ഏതായിരിക്കുമെന്നും, സംസാരഭാഷയായി ഹിന്ദി ഉപയോഗിക്കാത്ത പുരോഗമനാത്മകമായ സംസ്ഥാനങ്ങളിൽ ഹിന്ദി എന്തിന് ‘അടിച്ചേൽപ്പിക്കുന്നു’ എന്നുമുള്ള എംഎൻഎസ് തലവൻ രാജ് താക്കറെയുടെ ചോദ്യങ്ങൾക്ക് കേന്ദ്രത്തിന് മറുപടിയില്ല’ സ്റ്റാലിൻ പറഞ്ഞു.