കൊച്ചി : വേടന്റെ കേസിൽ സർക്കാരിന്റെ ഇരകളോടുള്ള സമീപനം മോശമായതിനാലാണ് കൂടുതൽ ഇരകൾ പുറത്തു വരാൻ മടിച്ചതെന്ന് ഹൈക്കോടതി അഭിഭാഷക വിമല ബിനു. ഇപ്പോഴും പരാതി കൊടുത്ത മുഴുവൻ പെൺകുട്ടികളുടെയും മൊഴി പോലും എടുത്തിട്ടില്ല. ഒരു പെൺകുട്ടിക്ക് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തരുത് എന്ന് പറഞ്ഞു ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നുവെന്നും വിമല ബിനു പറഞ്ഞു. പ്രോസിക്യൂഷൻ കോടതിയിൽ മതിയായ തെളിവുകൾ സമർപ്പിച്ചില്ല, ഇതു സമൂഹത്തിനു നൽകുന്നത് തെറ്റായ സന്ദേശമെന്നും അഡ്വ വിമല ബിനു വിമർശിച്ചു. ഹിരൺദാസ് മുരളി എന്ന വേടൻ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയ യുവ വനിതാ ഡോക്ടറുടെ അഭിഭാഷകയാണ് വിമല ബിനു.

2021 മുതൽ 2023 വരെ പലതവണ ബലാത്സംഗത്തിനിരയാക്കി എന്നാണ് യുവതിയുടെ മൊഴി. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നത്. വേടനുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും യുവതി വെളിപ്പെടുത്തി. വർഷങ്ങളായി താൻ വേടന് പണം കടം കൊടുത്തിരുന്നുവെന്നും യുവതി ആരോപിച്ചു. പണം കൈമാറിയതിൻ്റെ അക്കൌണ്ട്, യുപിഐ വിവരങ്ങളുെ യുവതി പോലീസിന് കൈമാറിയിരുന്നു. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സംബന്ധിച്ച ബിഎൻഎസ് സെക്ഷൻ 69 പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. റാപ്പർ വേടനെതിരെ മുൻ കാലങ്ങളിലും നിരവധി പരാതികൾ ഉയർന്നു വന്നിരുന്നു.
ലൈംഗിക പീഡന പരാതിയിൽ ആരോപണം നേരിട്ട് കൊണ്ടിരിക്കെയാണ് വേടന് സംസ്ഥാന സർക്കാർ പുരസ്ക്കാരം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളാണ് പുറത്തു വരുന്നത്. സ്ത്രീ പീഡകരെ സംരക്ഷിക്കില്ലെന്ന് സിനിമാ നയരൂപീകരണ കോൺക്ലേവിൽ സർക്കാർ ഉറപ്പ് നൽകിയിരുന്നുവെന്നും നടന്നത് വിശ്വാസ വഞ്ചനയാണെന്നും വേടന് പുരസ്കാരം നൽകിയതിൽ തിരക്കഥാകൃത്ത് ദീദി ദാമോദരൻ പ്രതികരിച്ചു.
പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാദമികൾക്ക് എന്നും വലിയ ബഹുമാനമാണ്. അവരെ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ എഴുന്നള്ളിക്കുക, വിവിധ വേദികൾ കൊടുക്കുക, ജഡ്ജിമാരായി / ജൂറി കമ്മിറ്റി അംഗങ്ങളായി നിയമിക്കുക, വെറൈറ്റിക്ക് ഒരു അവാർഡും കൊടുക്കണമെന്നും എഴുത്തുകാരി ഇന്ദുമേനോൻ പരിഹസിച്ചു.