കാസർകോട് : വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ട ഔദ്യോഗിക ഫയല്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ രാമകൃഷ്ണന്‍ പറഞ്ഞു. തെറ്റായും വ്യക്തത ഇല്ലാതെയും വിവരം നല്‍കുന്നത് വിവരം നിഷേധിക്കുന്നതിന് തുല്യമാണ്.
കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്റെ ഹിയറിങ്ങില്‍ പരാതികള്‍ പരിഗണിക്കുകയായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷണര്‍. പരോക്ഷ ജനാധിപത്യത്തെ പ്രത്യക്ഷമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിവരാവകാശ നിയമമെന്നും ശാക്തീകരിക്കപ്പെട്ട ജനതയും സുതാര്യ ഭരണവും നിയമത്തിന്റെ ലക്ഷ്യങ്ങളാണെന്നും കമ്മീഷണര്‍ പറഞ്ഞു. വിവരാവകാശ നിയമം നടപ്പിലാക്കിയിട്ട് 20 വര്‍ഷമായിട്ടും ഉദ്യോഗസ്ഥര്‍ അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടിട്ടില്ലെന്നും അത് പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുമെന്നും കമ്മീഷന്‍ പറഞ്ഞു. ഇന്നത്തെ ഹിയറിങ്ങില്‍ ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഹിയറിങ്ങില്‍ ജില്ലയിലെ 15 പരാതികളില്‍ 13 എണ്ണം തീര്‍പ്പാക്കി.