സംസ്ഥാന വനിതാ വികസന കോർപറേഷന് വീണ്ടും ദേശീയ അംഗീകാരം

11:01 AM Dec 22, 2024 | Litty Peter

സംസ്ഥാന വനിതാ വികസന കോർപറേഷന് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള ദേശീയ അംഗീകാരം തുടർച്ചയായി രണ്ടാം വർഷവും ലഭിച്ചു.വനിതകളുടെ ഉന്നമനത്തിനായി വനിത വികസന കോർപറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. 

കോർപ്പറേഷന് 175 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി കൂടി സർക്കാർ അടുത്തിടെ അനുവദിച്ചിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 36,105 വനിതകൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് 340 കോടി രൂപ വിതരണം ചെയ്തു. നടപ്പ് സാമ്പത്തിക വർഷത്തിൽ 375 കോടി രൂപയുടെ വായ്പാ വിതരണത്തിലൂടെ 75,000 വനിതകൾക്ക് തൊഴിലവസരങ്ങൾ നൽകാനാണ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

1995 മുതൽ ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ സംസ്ഥാനത്തെ ചാനലൈസിങ് ഏജൻസിയായി പ്രവർത്തിച്ചു വരികയാണ് വനിത വികസന കോർപറേഷൻ. ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരുടെ ഉന്നമനത്തിനയുള്ള പ്രവർത്തനങ്ങൾ, എൻ.എം.ഡി.എഫ്.സിയ്ക്കുള്ള ഓഹരി വിഹിത സംഭാവന, എൻ.എം.ഡി.എഫ്.സി യിൽ നിന്നും സ്വീകരിച്ച വായ്പ തുകയുടെ മൂല്യം, തിരിച്ചടവിലെ കൃത്യത എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ മൂല്യനിർണയത്തിലാണ് കോർപ്പറേഷൻ ഒന്നാമത്തെത്തിയത്. 

ദേശീയ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ നിന്നും കഴിഞ്ഞ അഞ്ച് വർഷകാലയളവിൽ 437.81 കോടി രൂപ ലഭിച്ചതിലൂടെ ഈ വിഭാഗത്തിൽപെട്ട വനിതകൾക്ക് 51,000 ഓളം വരുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാന വനിതാ വികസന കോർപറേഷന് സാധിച്ചു. കൂടാതെ നടപ്പ് സാമ്പത്തിക വർഷത്തിൽ ന്യൂനപക്ഷ വിഭാഗത്തിന് 170 കോടി രൂപ വായ്പാവിതരണം നടത്തുന്നതിലൂടെ 34,000 വനിതകൾക്ക് തൊഴിലവസരങ്ങൾ നൽകാനാകും.

ആലപ്പുഴയിൽ നടന്ന ദക്ഷിണ മേഖല കോൺഫറൻസിൽ വച്ച് വനിത വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സി., എൻ.എം.ഡി.എഫ്.സി സിഎംഡി ഡോ. ആഭറാണി സിംഗിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.