ആലപ്പുഴ: ജനറൽ ആശുപത്രിയിൽനിന്ന് ഓക്സിജൻ സിലിണ്ടറുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേര്‍ പിടിയില്‍. ജിജു, ഷിജോ ആന്റണി എന്നിവരാണ് പിടിയിലായത്. ജനറൽ ആശുപത്രിയിലെ ഒ.എസ്.ടി ട്രീറ്റ്മെന്റ്സെന്ററിന് സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസിലുണ്ടായിരുന്ന കാലിയായ ഓക്സിജൻ സിലിണ്ടറുകളാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മോഷണശ്രമം അറിഞ്ഞ് ആശുപത്രി അധികൃതരാണ് സൗത്ത് പൊലീസിനെ വിവരമറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ സഹിതം പ്രതികളെ പിടികൂടി. ആലപ്പുഴ നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളിലായി ഇരുവർക്കുമെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.