ഫുട്ബോള്‍ ക്ലബില്‍ മത്സരം കാണുന്നതിനിടെ വയറുവേദന ; 29 കാരി ടോയ്ലറ്റില്‍ കുഞ്ഞിന് ജന്മം നല്‍കി

03:51 PM Sep 09, 2025 | Suchithra Sivadas

ഇംഗ്ലണ്ടിലെ സഫോക്ക് ഫുട്ബോള്‍ ക്ലബില്‍ മത്സരം കാണുന്നതിനിടെ വയറുവേദനയെ തുടര്‍ന്ന് ബാത്ത്റൂമിലേക്ക് ഓടിയ 29 കാരി ടോയ്ലറ്റില്‍ കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന് ജന്മം നല്‍കിയപ്പോഴാണ് താന്‍ ഗര്‍ഭണിയാണെന്ന് അറിയുന്നതെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണിതെന്നും ഷാര്‍ലറ്റ് റോബിന്‍സണ്‍ പ്രതികരിച്ചു.
കഴിഞ്ഞ ഓഗസ്ത് 24ന് കിര്‍ക്ക്ലി , പേക്ക് ഫീല്‍ഡ് ഫുട്ബോള്‍ ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരം കാണാനാണ് ഷാര്‍ലറ്റ് എത്തിയത്. മത്സരത്തിനിടെ ഷാര്‍ലറ്റിന് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടു. സാധാരണ വയറുവേദനയാണെന്ന് കരുതി ബാത്ത്റൂമിലേക്ക് ഓടിയെങ്കിലും പിന്നീട് ഇതു സാധാരണ വയറുവേദനയല്ലെന്ന് മനസിലായി. പിന്നാലെ കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്നതും കണ്ടു.
29 ആഴ്ച ഗര്‍ഭിണിയായിരുന്നിട്ടും തനിക്ക് അതിന്റെ ലക്ഷണമുണ്ടായിരുന്നില്ലെന്ന് ഷാര്‍ലറ്റ് പറയുന്നു. വയറോ ഛര്‍ദ്ദിയോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നും തനിക്ക് ഇല്ലായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. ഇത്രയും ദിവസം സാധാരണ പോലെ തന്നെ ജോലികള്‍ ചെയ്യാറുണ്ടായിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. കുഞ്ഞിന് ജന്മം നല്‍കിയ ശേഷംഉടന്‍ തന്നെ ഭര്‍ത്താവിനേയും അമ്മായി അമ്മയേയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നെറ്റ്വര്‍ക്ക് ലഭിച്ചില്ല. ആംബുലന്‍സ് എത്തുന്നത് വരെ കുഞ്ഞിനെ ഫുട്ബോള്‍ ജേഴ്സിയിലാണ് കിടത്തിയത്. മത്സരം കാണാനെത്തിയ ഒരു പാരാമെഡിക്കല്‍ ഉദ്യോഗസ്ഥനാണ് അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കിയത്.
അപ്രതീക്ഷിതമായി എത്തിയ കുഞ്ഞിനെ ഹെന്റി എന്നു പേരിട്ടു. യുകെയില്‍ ഇത്തരം ഗര്‍ഭ ധാരങ്ങള്‍ അപൂര്‍വമായി സംഭവിക്കാറുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.