+

പട്യാലയില്‍ ശിശുവിന്റെ തലയുമായി തെരുവുനായ ആശുപത്രിയില്‍; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സംഭവം ഗൗരവമായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്നും വിശദമായ അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്നതില്‍ വ്യക്തത വരുത്തുമെന്നും മന്ത്രി പറഞ്ഞു

പഞ്ചാബിലെ പട്യാലയില്‍ ആശുപത്രി വാര്‍ഡിന് സമീപം ശിശുവിന്റെ തലയുമായി തെരുവുനായയെ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി ഡോ ബല്‍ബീര്‍ സിങ്. വിശദമായ അന്വേഷണം നടത്താന്‍ സംഭവം നടന്ന രജീന്ദ്ര ആശുപത്രി അധികൃതര്‍ക്കും പൊലീസിനും മന്ത്രി നിര്‍ദേശം നല്‍കി. കണ്ടെത്തിയ ശരീരഭാഗം വിശദമായ പരിശോധനയ്ക്കായി ഫോറന്‍സിക് സംഘത്തിന് കൈമാറി. ചൊവ്വാഴ്ച വൈകീട്ടാണ് പട്യാലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നാലാം വാര്‍ഡിന് സമീപം ശിശുവിന്റെ തലയുമായി നായയെ കണ്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട അറ്റന്‍ഡര്‍ ഉടന്‍ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

സംഭവം ഗൗരവമായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്നും വിശദമായ അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്നതില്‍ വ്യക്തത വരുത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ആശുപത്രിയില്‍ നിന്നും നവജാതശിശുക്കളെ കാണാതായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ വിശാല്‍ ചോപ്ര സ്ഥിരീകരിച്ചു. അടുത്തിടെ ഉണ്ടായ മരണങ്ങളില്‍ മൃതദേഹം കുടുംബങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതെല്ലാം രേഖകളില്‍ വ്യക്തമാണ്. ആരെങ്കിലും ശിശുവിന്റെ ശരീരം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നും ചോപ്ര പറഞ്ഞു.

വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ തലയുമായി തെരുവുനായ പോകുന്നത് കണ്ടതിന് പിന്നാലെ ആശുപത്രി അധികൃതരാണ് ഇത് പൊലീസിനെ അറിയിച്ചത്. സംഭവം അറിഞ്ഞപാടേ സ്ഥലത്ത് പൊലീസ് എത്തി തെളിവുകള്‍ ശേഖരിച്ചു. ലഭിച്ച ശരീര ഭാഗവും തെളിവുകളും ഫോറന്‍സിക് പരിശോധനയക്ക് അയച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് സൂപ്രണ്ട് പറഞ്ഞു.

facebook twitter