കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചത്. ഇന്ന് അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ഡയസ്‌നോണ്‍ പ്രഖ്യാപനം വിലപ്പോകില്ലെന്ന നിലപാടിലാണ് സമരരംഗത്തുള്ള ടിഡിഎഫ്.
പണിമുടക്കിന്റെ ഭാഗമായി ടിഡിഎഫ് പ്രവര്‍ത്തകര്‍ ബസുകള്‍ തടയുന്നുണ്ട്. തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട് ഡിപ്പോകളില്‍ പ്രവര്‍ത്തകര്‍ ബസ് തടഞ്ഞു. പ്രതിഷേധവുമായി ടിഡിഎഫ് പ്രവര്‍ത്തകര്‍ ബസ് ഡിപ്പോകളില്‍ എത്തിതുടങ്ങിയിട്ടുണ്ട്.
ഇതിനിടെ സമരം നേരിടാനുള്ള നടപടികളുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റും മുന്നോട്ട് പോകുകയാണ്. താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസുകള്‍ നടത്താനാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശം. ഡയസ്‌നോണ്‍ കര്‍ശനമാക്കി നടപ്പിലാക്കാനും നിര്‍ദ്ദേശമുണ്ട്. സിവില്‍ സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ലാതെ അവധി അനുവദിക്കരുതെന്നാണ് നിര്‍ദ്ദേശം.
12 പ്രധാനആവശ്യങ്ങള്‍ ഉന്നയിച്ചാണ് ടിഡിഎഫ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളം എല്ലാ മാസവും അഞ്ചിനകം നല്‍കുമെന്ന മുഖ്യമന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും ഉറപ്പ് പാലിക്കാത്തതാണ് സമരകാരണങ്ങളില്‍ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇപ്പോഴും മാസം പകുതിയാകുന്നതോടെയാണ് ശമ്പളം നല്‍കുന്നതെന്നാണ് പരാതി.