ന്യൂഡല്‍ഹി: ചില അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് കോടികളുടെ ഇടപാട് നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ എടിഎമ്മിലൂടെ പണം പിന്‍വലിച്ച വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടില്‍ ബാലന്‍സായി കാണിച്ചത് 87.65 കോടി രൂപ.
ബിഹാറിലെ മുസാഫര്‍പൂരിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ സെയ്ഫ് അലി, പ്രാദേശിക സൈബര്‍ കഫേ സന്ദര്‍ശിക്കുന്നതിനിടെയാണ് തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 500 രൂപ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, തന്റെ ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോള്‍ അവിശ്വസനീയമായ കാഴ്ചയാണ് വിദ്യാര്‍ത്ഥി കണ്ടത്.
സെയ്ഫ് ആദ്യം ഞെട്ടി, ഇത് ഒരു അബദ്ധമായിരിക്കാമെന്ന് അനുമാനിച്ചു. ഉറപ്പിക്കാന്‍, അവര്‍ അക്കൗണ്ട് ബാലന്‍സ് വീണ്ടും പരിശോധിച്ചെങ്കിലും തുക മാറ്റമില്ലാതെ തുടര്‍ന്നു. ആശയക്കുഴപ്പത്തിലായ സെയ്ഫ് ഉടന്‍ തന്നെ വീട്ടിലെത്തി അമ്മയോട് വിശേഷങ്ങള്‍ പങ്കുവെച്ചു.
എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ കഴിയാതെ, ബാങ്ക് സ്റ്റേറ്റ്മെന്റിനായി കസ്റ്റമര്‍ സര്‍വീസ് പോയിന്റില്‍ (സിഎസ്പി) പോയ കുട്ടി, 87.65 കോടി രൂപ അവിടെ ശേഷിക്കുന്നില്ലെന്ന് കണ്ടെത്തി. ശരിയായ ബാലന്‍സ് വെറും 532 രൂപയാണ് കാണിച്ചത്. ഇതിന് പിന്നാലെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.
എങ്ങനെയാണ് ഇത്രയും വലിയ തുക സെയ്ഫിന്റെ അക്കൗണ്ടിലേക്ക് തെറ്റായി വന്നതെന്ന് കണ്ടെത്താന്‍ നോര്‍ത്ത് ബിഹാര്‍ ഗ്രാമീണ് ബാങ്ക് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. എവിടെയാണ് പിഴവ് സംഭവിച്ചതെന്നോ ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നോ വ്യക്തമായ വിശദീകരണം ബാങ്ക് അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ല.
സൈബര്‍ തട്ടിപ്പിലൂടെ പണം ദുരുപയോഗം ചെയ്യുന്നതുള്‍പ്പെടെയുള്ള ഇത്തരം സംഭവങ്ങള്‍ അസാധാരണമല്ലെന്ന് സൈബര്‍ ഡിഎസ്പി സീമാ ദേവി പറഞ്ഞു. തട്ടിപ്പുകാര്‍ വിദ്യാര്‍ഥിയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തിട്ടുണ്ടാകാമെന്നാണ് സംശയം. എന്നാല്‍, സെയ്‌ഫോ കുടുംബമോ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല.