മലയാള ചിത്രമായ പടക്കളം മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ്. തിയേറ്ററുകളിൽ ചിരി പടർത്തുന്ന സിനിമ ഫാന്റസി കോമഡി ഴോണറിലാണ് ഒരുങ്ങിയിരിക്കുന്നത്.
ആഗോളതലത്തിൽ എട്ട് കോടിയ്ക്കടുത്താണ് പടക്കളം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നാണ് ചിത്രം പ്രധാനമായും കളക്ഷൻ നേടിയിരിക്കുന്നത്. ആദ്യ ദിനം പതിയെ തുടങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങളെത്തുടർന്ന് കൂടുതൽ സ്‌ക്രീനുകളിലേക്ക് വർധിപ്പിക്കുകയായിരുന്നു.
നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത സിനിമയുടെ എഴുത്തിനും പ്രകടനങ്ങൾക്കും ഹ്യൂമറിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പടക്കളത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് പ്രദീപ് എന്നിവരുടെ പ്രകടനങ്ങൾക്ക് കയ്യടി ലഭിക്കുന്നുണ്ട്. സിനിമയുടെ ടീമിനെ തമിഴ് സൂപ്പർ താരം രജനികാന്ത് നേരിൽ കണ്ട് അഭിനന്ദിച്ചിരുന്നു. മറ്റ് നിരവധി സിനിമാപ്രവർത്തകരും ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു.
സാഫ്, അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും വിജയ് സുബ്രഹ്‌മണ്യവും ചേർന്നാണ് നിർമാണം. നിതിൻ സി ബാബുവും മനു സ്വരാജും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.