ന്യൂഡൽഹി : വോട്ട് തേടി മുസ്ലിം ലീഗ് ദേശീയ ആസ്ഥാനമായ ഡൽഹിയിലെ ഖാഇദെ മില്ലത്ത് സെന്റർ സന്ദർശിച്ച് ഇൻഡ്യ മുന്നണി ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഡി. അഞ്ച് വോട്ട് ലഭിക്കുന്നതിലല്ല, എക്കാലത്തും മതേതര മൂല്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടികളുടെ പിന്തുണ ലഭിക്കുന്നതിലാണ് ഏറെ സന്തോഷമെന്ന് ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കുശേഷം ജസ്റ്റിസ് സുദർശൻ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടന സംരക്ഷണത്തിനായുള്ള പോരാട്ടമാണിതെന്നും വരുംവരായ്കകൾ എന്തു തന്നെയായാലും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈൻ എം.പിക്കൊപ്പമാണ് ജസ്റ്റിസ് സുദർശൻ റെഡ്ഡി പുതുതായി പണിതുയർത്തിയ ലീഗ് ദേശീയ ആസ്ഥാന മന്ദിരത്തിലെത്തിയത്.
ലീഗ് ദേശീയ ഓർഗനെസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഹാരിസ് ബീരാൻ എം.പി, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമർ എന്നിവർ അദ്ദേഹത്തെ സീകരിച്ചു. പാർട്ടി ആസ്ഥാനത്ത് എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും തെരഞ്ഞെടുപ്പിൽ എല്ലാ പിന്തുണയും നൽകുമെന്നും വിഡിയോ കോൺഫറൻസ് വഴി ജസ്റ്റിസ് സുദർശൻ റെഡ്ഡിയുമായി സംസാരിച്ച ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എം.പിമാരായ പി.വി. അബ്ദുൽ വഹാബ്, നവാസ് കനി എന്നിവരും വിഡിയോ കോൺഫറൻസിൽ പങ്കെടുത്ത് സ്ഥാനാർഥിക്ക് ആശംസകൾ നേർന്നു. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എക്കാലത്തും നീതിക്കൊപ്പം നിന്ന ജസ്റ്റിസ് സുദർശൻ റെഡ്ഡിയുടെ പോരാട്ടം വിജയിക്കുമെന്നും ലീഗിന്റെ അഞ്ച് വോട്ടും പ്രാർഥനയും അദ്ദേഹത്തിനുണ്ടാകുമെന്നും കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളെ കണ്ട ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.