കൊച്ചി: വേനൽമഴയിൽ കേരളത്തിൽ പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞു. പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 20 ദിവസംകൊണ്ട് പൈനാപ്പിൾ പഴത്തിനും പച്ചയ്ക്കും സ്പെഷ്യൽ പച്ചയ്ക്കും കിലോയ്ക്ക് 26 രൂപയാണ് കുറഞ്ഞത്. നിലവിൽ പഴത്തിന് 27 രൂപയും പച്ചയ്ക്ക് 24 രൂപയും സ്പെഷ്യൽ പച്ചയ്ക്ക് 26 രൂപയുമാണ് വില.
മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുപ്രകാരം പൈനാപ്പിൾ പഴം, പച്ച, സ്പെഷ്യൽ പച്ച എന്നിവയ്ക്ക് യഥാക്രമം 24 രൂപ, 24 രൂപ, 26 രൂപ നിരക്കിലായിരുന്നു ശനിയാഴ്ച വ്യാപാരം. കഴിഞ്ഞ മൂന്നുവർഷത്തേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇപ്പോഴത്തെ വില. പൈനാപ്പിൾ പഴത്തിന്റെ വില 2021-ലെ നിരക്കിലേക്ക് എത്തി. സാധാരണ ഏപ്രിൽ മാസത്തിൽ മികച്ച വില ലഭിക്കുന്നതാണ്.
ഒരവസരത്തിൽ പഴത്തിന്റെ വില 60 രൂപവരെ എത്തുമെന്ന പ്രതീക്ഷയെ തുടച്ചുമാറ്റിയത് വേനൽമഴയാണ്. മഴ ശക്തമായത് ഉത്പാദനം ഉയർത്തി. കൂടാതെ, ചെലവും കുറഞ്ഞു. ഏതാണ്ട് 50 ശതമാനത്തോളം ഉത്പാദനം വർധിച്ചതായി കർഷകർ അറിയിച്ചു. വരുംദിവസങ്ങളിലും വില കുറയുന്ന പ്രവണതയാണ് വിപണിയിൽ. 2021-ൽ പഴത്തിന്റെ വില 27 രൂപ വരെ എത്തിയിരുന്നു. പിന്നീട് ഓരോവർഷവും വില ഉയർന്നുവരുകയായിരുന്നു. കഴിഞ്ഞവർഷം കിലോയ്ക്ക് വില 65 രൂപയ്ക്കുമുകളിൽ എത്തിയിരുന്നു. ഇത്തവണ വില ഉയരുമെന്ന പ്രതീക്ഷയിൽ കൂടുതൽപേർ പൈനാപ്പിൾ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു