ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണം പ്രതിഷേധാര്‍ഹം:കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

09:29 PM Sep 13, 2025 |


 കണ്ണൂർ : കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.സിദ്ധിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച് സാധനങ്ങള്‍ തല്ലിത്തകര്‍ത്ത സിപിഎം ക്രിമിനല്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.അടിസ്ഥാനപരമായ യാതൊരു പരാതിയും ആക്ഷേപവും എംഎല്‍എയുടെ പേരിലില്ല.

ഒരു തെറ്റും ടി.സിദ്ധിഖ് എംഎല്‍എയുടെ ഭാഗത്തില്ല. എന്തുകാരണത്തിന്റെ പേരിലാണ് ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസ്  ആക്രമിച്ച് നാശനഷ്ടം വരുത്തിയതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം.  അണികളെ നിയന്ത്രിക്കാന്‍ സിപിഎം തയ്യാറാകണം. അതിന് തയ്യാറല്ലങ്കില്‍ അത് നേരിടുന്നതിന് കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും. പോലീസ് കൈയ്യുംകെട്ടി നിന്ന് സിപിഎം അക്രമകാരികള്‍ക്ക് പ്രോത്സാഹസനം നല്‍കുകയാണ് ചെയ്തത്. അക്രമം തടയുന്നതിനും അക്രമികളെ അറസ്റ്റ് ചെയ്യാനും പോലീസ് മുതിര്‍ന്നില്ല. തികഞ്ഞ നിഷ്‌ക്രിയത്വവും പക്ഷപാതപരമായ  നിലപാടുമാണ് പോലീസ് സ്വീകരിച്ചത്. ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.