കണ്ണൂർ: വന്യജീവി ആക്രമണത്തിൽ മുഖ്യമന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്ന്കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പലതവണ ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല. പദ്ധതികൾ നടപ്പാക്കാൻ ഫണ്ട് അനുവദിക്കാറില്ല.സർക്കാർ പൂർണ്ണ പരാജയമാണ്.നിയമസഭയിൽ വിഷയം ചർച്ചയ്ക്ക് എടുക്കാനുള്ള മര്യാദ പോലും ഭരണപക്ഷം കാണിക്കാറില്ല. ജനങ്ങളുടെ സുരക്ഷാ ആവശ്യങ്ങളിൽ സർക്കാർ ഗൗരവമില്ലാതെ സമീപിക്കുന്നതിൽ പ്രതിഷേധമുണ്ടെന്നും സണ്ണി ജോസഫ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ പുനഃസംഘടന ഉടൻ നടപ്പിലാക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പാണ് പ്രധാന പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നൊരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. സംഘടനാപരമായ ശക്തിപ്പെടുത്തലുകൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ സൗകര്യത്തിനനുസരിച്ച് വാർഡുകളെ വെട്ടിമുറിച്ചുവെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.