കണ്ണൂർ : സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനല്‍ മത്സരം ഡിസംബര്‍ 19 ന് കണ്ണൂര്‍മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ഫൈനല്‍ ദിനത്തിലെ കര്‍ട്ടന്‍ റൈസര്‍ പരിപാടികള്‍ വൈകുന്നേരം 6:00 മണിക്ക് ആരംഭിക്കും. 7:30-നാണ് കിക്ക്-ഓഫ്. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തൃശൂര്‍ മാജിക് എഫ്‌സിയുമാണ് ഫൈനല്‍ മത്സരം. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്രയും വലിയൊരു ഫുട്‌ബോള്‍ മാമാങ്കത്തിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.
രാജ്യത്തെ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന പരിപാടികളോടെയാകും ഫൈനല്‍ സായാഹ്നം ആരംഭിക്കുക. പ്രശസ്ത റാപ്പര്‍ ഗബ്രിയടക്കമുള്ള താരനിരയാരാണ് ഫൈനല്‍ മത്സരത്തിന് മുന്നോടിയായി നടക്കുന്ന സംഗീത നിശയില്‍ പങ്കെടുക്കുക, വര്‍ണ്ണാഭമായ വെടിക്കെട്ടും, ലൈറ്റ് ഷോ അടങ്ങുന്ന മികച്ച ദൃശ്യവിരുന്നാണ് സജ്ജീകരിക്കുന്നത്. കൂടാതെ, പ്രശസ്ത ഗായകനും, രചയിതാവുമായ അറിവ് നയിക്കുന്ന മിഡ്-ടൈം ഷോ (ഹാഫ് ടൈം ഷോ) ഫൈനലിന് സവിശേഷമായ സംഗീത വിരുന്നൊരുക്കും.
കണ്ണൂര്‍ വാരിയേഴ്സ് എഫ്.സി സഹഉടമയും നടനുമായ ആസിഫ് അലി, തൃശൂര്‍ മാജിക് എഫ്.സി സഹഉടമയും നടനുമായ കുഞ്ചാക്കോ ബോബന്‍ എന്നിവരുള്‍പ്പെടെ പ്രമുഖ ചലച്ചിത്ര താരങ്ങള്‍, കായിക താരങ്ങള്‍, രാഷ്ട്രീയ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
പതിനെട്ടായിരം ആരാധകര്‍ക്ക് കളി കാണാം
ഫെഡറേഷന്‍ കപ്പ്, ഇ.കെ.നായനാര്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ്, ശ്രീനാരായണ ട്രോഫി, സിസര്‍സ് കപ്പ്, കേരള പ്രീമിയര്‍ ലീഗ് തുടങ്ങിയ നിരവധി മത്സരങ്ങള്‍ ജവഹര്‍ സ്റ്റേഡിയം സാക്ഷിയായിട്ടുണ്ട്. അവസാനമായി 2008 ല്‍ നടന്ന ഇ.കെ.നായനാര്‍ ഇന്റര്‍നാഷണല്‍ ട്രോഫിയിലാണ് ഫുട്ബോള്‍ മത്സരം കാണാന്‍ ഗ്യാലറി നിറഞ്ഞു കവിഞ്ഞത്. ഫുട്ബോള്‍ പ്രേമികള്‍ക്ക് പുറമെ സ്ത്രീകളും കുട്ടികളും അന്ന് മത്സരങ്ങള്‍ കാണാനെത്തിയിരുന്നു. 2012 ല്‍ ഒക്ടോബറില്‍ മറഡോണ കണ്ണൂരിലെത്തിയപ്പോള്‍ 50,000 ത്തിലധികം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. 35,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഒരു വശം നിലവില്‍ ബലക്ഷയം കാരണം ഉപയോഗിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ 18,000 ത്തിലധികം പേര്‍ക്കായിരിക്കും ഫൈനല്‍ മത്സരം കാണാന്‍ സാധിക്കുക. കണ്ണൂര്‍ വാരിയേഴ്‌സിന്റെ അഞ്ച് ഹോം മത്സരത്തില്‍ നിന്ന് 66,596 പേരാണ് ജവഹര്‍ സ്റ്റേഡിയത്തില്‍ കളികാണാനെത്തിയത്.
പ്രവേശനം
മത്സരം കാണാനെത്തുന്നവര്‍ ടിക്കറ്റുമായി വൈകീട്ട് 5.00 മുതല്‍ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാം. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലായി ആണ് നേരത്തെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. 7.15 ന് സ്റ്റേഡിയത്തിലെ പ്രവേശന ഗെയിറ്റുകള്‍ അടക്കും. 6 മണി മുതല്‍ ഫൈനലിനോട് അനുബന്ധിച്ചുള്ള പ്രത്യേക പരിപാടികള്‍ നടക്കും.
ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തേക്ക് മാത്രമായിരിക്കും മത്സരം കാണാനെത്തുന്നവര്‍ക്ക് പ്രവേശനം. വി.വി.ഐ.പി., ടിക്കറ്റുള്ളവര്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന് എതിര്‍ വശത്തെ ഗെയിറ്റ് നമ്പര്‍ ഒന്നിലൂടെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടത്. വി.ഐ.പി. ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ രണ്ടിലൂടെയും അമൂല്‍ ഗ്യാലറി ടിക്കറ്റുള്ളര്‍ ഗെയിറ്റ് മൂന്ന്, നാല് എന്നീ ഗെയിറ്റിലൂടെ അകത്തേക്ക് പ്രവേശിക്കാം. സ്‌നിക്കേഴ്‌സ് ഗ്യാലറി ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ ആറ്, ഏഴ് വഴിയും ഓണേഴ്‌സ് ബോക്‌സ് ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ അഞ്ചിലൂടെയും സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാവുന്നതാണ്.
ടിക്കറ്റ്
ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ ംംം.ശേരസലഴേലിശല.ശി എന്ന വെബ് സൈറ്റിലോ, അപ്ലിക്കേഷനില്‍ നിന്നോ ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാവുന്നതാണ്. ഓഫ് ലൈന്‍ ടിക്കറ്റുകള്‍ ജവഹര്‍ സ്റ്റേഡിയത്തിന്റെ പരിസരത്തുള്ള ദയ മെഡിക്കല്‍ ഷോപ്പിന്റെ പരിസരത്തുള്ള ബോക്‌സ് ഓഫീസില്‍ നിന്നും സെക്യൂറ മാളില്‍ തയ്യാറാക്കിട്ടുള്ള പ്രത്യേക കൗണ്ടറില്‍ നിന്നും എടുക്കാവുന്നതാണ്. ഗ്യാലറി, വി.ഐ.പി., വി.വി.ഐ.പി എന്നീ വിഭാഗങ്ങളിലായി ആണ് ടിക്കറ്റുകള്‍. ഗ്യാലറിക്ക് 199 രൂപ, വി.ഐ.പി. 999 രൂപ, വി.വി.ഐ.പി. 1999 രൂപ എന്നിവയാണ് ടിക്കറ്റ് നിരക്കുകള്‍. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ആരാധകര്‍ അമുല്‍ ഗ്യാലറിയിലും തൃശൂര്‍ മാജിക് എഫ്‌സിയുടെ ആരാധകര്‍ സ്‌നിക്കേഴ്‌സ് ഗ്യാലറിയിലുമായി ആണ് ഇരിക്കേണ്ടത്.
സ്റ്റേഡിയത്തിലെ നിരോധിത വസ്തുക്കള്‍
പവര്‍ ബാങ്ക്, സിഗരറ്റ് & ലൈറ്റര്‍, സെല്‍ഫി സ്റ്റിക്ക്, കോയിന്‍സ്, വിസില്‍, ഗ്ലാസ് കുപ്പികള്‍, കുട, ഹെല്‍മറ്റ്, ഡി.എസ്.എല്‍.ആര്‍ ക്യാമറ, ആയുധങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍, ലേയ്‌സര്‍, ലഹരി ഉല്‍പ്പന്നങ്ങള്‍, മദ്യം, വീഡിയോ ക്യാമറ, ഡ്രോണ്‍സ്, ടിന്‍ & ക്യാന്‍സ്, സംഗീത ഉപകരണങ്ങള്‍, കത്തുന്ന വസ്തുക്കള്‍, അപകടകരമായ വസ്തുക്കള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍, പടക്കങ്ങള്‍.