കൊച്ചി: നിയമപോരാട്ടങ്ങൾക്കൊടുവിൽ ആസിഫ് അലി നായകനായെത്തുന്ന 'ആഭ്യന്തര കുറ്റവാളി' തീയേറ്ററുകളിലേക്ക്. ചിത്രത്തിന് കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.
ചിത്രത്തിന്റെ ആദ്യ നിർമാതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിർമാണ പങ്കാളികൾ ഇപ്പോഴത്തെ നിർമാതാവായ നൈസാം സലാമിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതി റിലീസ് തടഞ്ഞത്.
ആരോപണമുന്നയിക്കുന്നയാളെ ഇന്നേവരെ കണ്ടിട്ടില്ലെന്നും കാശ് കൊടുത്ത് ഒത്തുതീർപ്പാക്കണമെന്നാണ് പറയുന്നതെന്നും നൈസാം നേരത്തേ പറഞ്ഞിരുന്നു. വാങ്ങാത്ത കാശ് തിരിച്ച് കൊടുക്കണമെന്ന് പറയുമ്പോൾ അതിനെ ബ്ലാക്ക് മെയിലിങ് എന്നേ പറയാൻ പറ്റൂ എന്നും നൈസാം സലാം വ്യക്തമാക്കിയിരുന്നു. ചിത്രത്തിനെതിരെ ആരോപണവുമായി കോടതിയിൽ പോയ ആരുടേയും കൈയിൽ നിന്ന് 'ആഭ്യന്തര കുറ്റവാളി' നിർമ്മിക്കാൻ ഒരു തുകയും വാങ്ങിയിട്ടില്ലെന്നും നൈസാം സലാം പറഞ്ഞു.
തുളസി, ശ്രേയാ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു.