ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി കർണാടകയിൽ നിന്നുള്ള നാല് പേർ ഉൾപ്പെടെ ഏഴ് ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാൻ സുപ്രീം കോടതി കൊളീജിയം ശിപാർശ ചെയ്തു. ഏപ്രിൽ 15നും 19നും ചേർന്ന യോഗങ്ങളിലാണ് സ്ഥലം മാറ്റാതെ കുറിച്ചുള്ള തീരുമാനമെടുത്തതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കർണാടക ഹൈക്കോടതിയിൽ നിന്ന് ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡറിനെ മദ്രാസ് ഹൈക്കോടതിയിലേക്കും ജസ്റ്റിസ് കൃഷ്ണൻ നടരാജനെ കേരളത്തിലേക്കും ജസ്റ്റിസ് നെരണഹള്ളി ശ്രീനിവാസൻ സഞ്ജയ് ഗൗഡയെ ഗുജറാത്തിലേക്കും, ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ശ്രീപാദിനെ ഒറീസ ഹൈക്കോടതിയിലേക്കും സ്ഥലം മാറ്റാൻ ശിപാർശ ചെയ്തിട്ടുണ്ട്.
ജസ്റ്റിസ് പെരുഗു ശ്രീ സുധയെ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് കർണാടകയിലേക്കും, തെലങ്കാന ഹൈക്കോടതിയിലെ തന്നെ ജഡ്ജിയായ ജസ്റ്റിസ് കസോജു സുരേന്ദറിനെ മദ്രാസ് ഹൈക്കോടതിയിലേക്കും, ജസ്റ്റിസ് കുംഭജദല മന്മധ റാവുവിനെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ നിന്ന് കർണാടകയിലേക്കും സ്ഥലം മാറ്റാൻ കൊളീജിയം ശിപാർശ ചെയ്തിട്ടുണ്ട്.