ന്യൂഡൽഹി: മുസ്‍ലിം വിദ്വേഷ പ്രസ്‍താവന നടത്തിയ അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അനേഷണം തുടങ്ങി. ജഡ്ജിയെ ഡിസംബർ 17ന് സുപ്രീംകോടതി കൊളീജിയം വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു. കൊളീജിയത്തിന് മുമ്പാകെ ക്ഷമാപണം നടത്താമെന്ന് ജഡ്ജി അറിയിച്ചു. എന്നാൽ, പരസ്യ ക്ഷമാപണം വേണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുകയും പറയാമെന്ന് ജസ്റ്റിസ് ശേഖർ യാദവ് ഉറപ്പ് നൽകുകയും ചെയ്തു.
എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും ക്ഷമാപണം ഉണ്ടാകാതെ വന്നതോടെയാണ് ചീഫ് ജസ്റ്റിസ് ആഭ്യന്തര നടപടികൾക്ക് തുടക്കം കുറിച്ചതെന്ന് കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു. ജനുവരി 31നാണ് ജസ്റ്റിസ് ഋഷികേശ് റോയി വിരമിച്ചത്. ആദ്യം അഞ്ച് കൊളീജിയം അംഗങ്ങൾക്ക് മുമ്പാെക ജസ്റ്റിസ് യാദവ് മാപ്പ് പറയാമെന്നു സമ്മതിച്ചെങ്കിലും പരസ്യമായി വേണമെന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തു. ഇതിനു അദ്ദേഹം സമ്മതമറിയിച്ചെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഇതോടെയാണ് ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ജസ്റ്റിസ് റോയി വിശദീകരിച്ചു.
ഡിസംബർ എട്ടിന് വിശ്വഹിന്ദു പരിഷത്ത് പരിപാടിയിലാണ് ജഡ്ജി വിദ്വേഷ പ്രസംഗം നടത്തിയത്. ‘‘ഈ രാജ്യം ‘ഹിന്ദുസ്ഥാൻ’ ആണെന്ന് പറയാൻ തനിക്ക് ഒരു ശങ്കയുമില്ല, ഇവിടെ ജീവിക്കുന്ന ഭൂരിപക്ഷത്തിന്റെ ഇംഗിതമനുസരിച്ചാണ് രാജ്യം ചലിക്കുക, കുടുംബത്തിന്റെയും സമൂഹത്തിന്റെയും കാര്യമായാലും ഭൂരിപക്ഷ സന്തോഷമാണ് പരിഗണിക്കപ്പെടുക. ‘കഠ്മുല്ല’കൾ (മുസ്‍ലിംകളെ പരിഹസിക്കുന്ന പ്രയോഗം) ഈരാജ്യത്തിന് അപകടകരമാണ്. അവർ രാജ്യത്തിനും ജനങ്ങൾക്കും ഉപദ്രവകരമാണ്. പൊതുജനത്തെ ഇളക്കിവിടുന്നവരാണ്. രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കാത്ത ഇത്തരമാളുകളെ കരുതിയിരിക്കണം’. ഇതായിരുന്നു പ്രസംഗത്തിലെ പരാമർശങ്ങൾ.
വിദ്വേഷ ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും കഴിഞ്ഞ ഡിസംബറിൽ നോട്ടീസ് നൽകിയിട്ടുണ്ട്. ജുഡീഷ്യൽ പെരുമാറ്റത്തിന്റെ ഒരു തത്ത്വവും ലംഘിച്ചിട്ടില്ലാത്ത തന്റെ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് യാദവ് അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു.