ന്യൂഡല്‍ഹി: ദീര്‍ഘകാലം ഒരുമിച്ചു ജീവിച്ച ശേഷം പങ്കാളി വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ത്രീക്ക് ആരോപിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളില്‍ ലൈംഗിക ബന്ധത്തിന് കാരണം വിവാഹവാഗ്ദാനം മാത്രമാണോ എന്നതില്‍ വ്യക്തത വരുത്താന്‍ ബുദ്ധിമുട്ടാണെന്നും കോടതി നിരീക്ഷിച്ചു.16 വര്‍ഷം ലിവിങ് റിലേഷനില്‍ ഉണ്ടായിരുന്ന പങ്കാളി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് അധ്യാപിക നല്‍കിയ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്.
16 വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു പരാതിക്കാരിയായ അധ്യാപികയും പങ്കാളിയായ ബാങ്ക് ഉദ്യോഗസ്ഥനും. പങ്കാളി തനിക്ക് വിവാഹവാഗ്ദാനം നല്‍കിയെന്നാണ് അധ്യാപികയുടെ പരാതിയില്‍ പറയുന്നത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ത് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. 16 വര്‍ഷത്തെ ബന്ധത്തിന്റെ ദൈര്‍ഘ്യം, ഇരുവരുടെയും വിദ്യാഭ്യാസ യോഗ്യത തുടങ്ങി നിരവധി കാരണങ്ങള്‍ ചൂണ്ടികാണിച്ച് കേസ് കോടതി തള്ളി.
രണ്ടു പേരും വിദ്യാസമ്പന്നരാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും കോടതി പറയുന്നു. ഇരുവരും വിവിധ നഗരങ്ങളിൽ താമസിക്കുമ്പോഴും വീടുകളിലെത്തി കാണുകയും ബന്ധം തുടരുകയും ചെയ്തു. പ്രണയബന്ധം അഥാ ലിവിങ് റിലേഷന്‍ തകര്‍ന്നതാണ് കേസിലേക്ക് നയിച്ചതെന്നും കോടതി ചൂണ്ടികാണിച്ചു.