ന്യൂഡൽഹി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പ്രതികളായ 17 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഹൈകോടതി ജാമ്യം അനുവദിച്ച പ്രതികൾക്ക് വ്യക്തമായ ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുത് എന്നുമായിരുന്നു എൻ.ഐ.എ വാദം. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
അന്വേഷണ ഏജൻസിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ രാജാ താക്കറെ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച വിശദാംശങ്ങൾ സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. ഇവ പരിശോധിച്ച കോടതി, ഗൗരവമേറിയ കാര്യങ്ങളൊന്നും അതിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി. തുടർന്നാണ് ജാമ്യം അനുവദിച്ച ഹൈകോടതി ഉത്തരവ് ശരിവെച്ചത്. പ്രതികൾക്ക് വേണ്ടി സീനിയർ അഭിഭാഷകരായ രാകേന്ദ് ബസന്ത്, കെ. പരമേശ്വർ, ആദിത്യ സോൺധി എന്നിവർ ഹാജരായി.
ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ച മറ്റ് പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച വിശദാംശങ്ങൾ കൈമാറാൻ എൻഐഎയോട് സുപ്രീംകോടതി നിർദേശിച്ചു. ജാമ്യ ഹർജികൾ മെയ് ആറിന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.
പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് 2022 ഏപ്രിൽ 16ന് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിൻറെ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്രആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ കേസ് എൻ.ഐ.എ ഏറ്റെടുത്തിരുന്നു. എലപ്പുള്ളി സ്വദേശിയും എസ്‍.ഡി.പി.ഐ ഭാരവാഹിയുമായിരുന്ന സുബൈർ വധത്തിൻറെ പിറ്റേന്നാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.