ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാനാവില്ല : സുപ്രീംകോടതി

03:35 PM May 10, 2025 | Neha Nair

ന്യൂഡൽഹി: തമിഴ്നാട്, കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ‘ദേശീയ വിദ്യാഭ്യാസ നയം 2020’ പ്രകാരം ത്രിഭാഷാ നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ ജി.എസ്. മണി സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.

ദേശീയ വിദ്യാഭ്യാസം പോലുള്ള ഒരു കേന്ദ്ര നയം പിന്തുടരാൻ ഒരു സംസ്ഥാനത്തെയും നിർബന്ധിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയതെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

സംസ്ഥാനങ്ങൾ ‘ദേശീയ വിദ്യാഭ്യാസ നയം’ സ്വീകരിക്കണോ വേണ്ടയോ എന്നത് ഒരു സങ്കീർണമായ വിഷയമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീംകോടതിക്ക് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കാൻ കഴിയും. എൻ.ഇ.പി പോലുള്ള നയം സ്വീകരിക്കാൻ ഒരു സംസ്ഥാനത്തെ നേരിട്ട് നിർബന്ധിക്കാൻ അതിന് കഴിയില്ല. എന്നാൽ, എൻ.ഇ.പിയുമായി ബന്ധപ്പെട്ട ഒരു സംസ്ഥാനത്തിന്റെ നടപടിയോ നിഷ്‌ക്രിയത്വമോ ഏതെങ്കിലും മൗലികാവകാശങ്ങൾ ലംഘിക്കുകയാണെങ്കിൽ കോടതിക്ക് ഇടപെടാം എന്നും ബെഞ്ച് പറഞ്ഞതായി ലൈവ്‌ലോ റിപ്പോർട്ട് ചെയ്തു.

ഹരജിക്കാരനായ മണി തമിഴ്‌നാട്ടുകാരനാണെങ്കിലും അദ്ദേഹം ഇപ്പോൾ ഡൽഹിയിലാണ് താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹരജിക്കാരന് ഈ വിഷയവുമായുള്ള ബന്ധത്തെയും ചോദ്യം ചെയ്തു.

‘ഈ റിട്ട് ഹരജിയിൽ ഈ വിഷയം പരിശോധിക്കാൻ ഞങ്ങൾ നിർദേശിക്കുന്നില്ല. ഹരജിക്കാരന് അദ്ദേഹം മുന്നോട്ടുവെക്കുന്ന കാരണവുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അദ്ദേഹം തമിഴ്‌നാട് സംസ്ഥാനക്കാരനായിരിക്കാം. എന്നിരുന്നാലും സ്വന്തം താൽപര്യപ്രകാരം ഡൽഹിയിലാണ് താമസിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ ഹരജി തള്ളുന്നു’വെന്നും കോടതി പറഞ്ഞു.