ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ഒറ്റക്കൊമ്പൻ. ഒരു ആക്ഷൻ മാസ് സിനിമയായി ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവിൽ പുരോഗമിക്കുകയാണ്. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സുരേഷ് ഗോപിയ്ക്ക് പിറന്നാൾ സമ്മാനമായി സ്പെഷ്യൽ വീഡിയോ പുറത്തിറക്കിയിരിക്കുയാണ് ടീം ഒറ്റക്കൊമ്പൻ.
ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഏതാനും രംഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് വീഡിയോ. ശ്രീ ഗോകുലം മൂവിസാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഒരു പക്കാ മാസ് കഥാപാത്രമാകും സിനിമയിലെ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സൂചനയായാണ് വീഡിയോ നൽകുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരും നിരവധി പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഷിബിൻ ഫ്രാൻസിസ് ആണ് ചിത്രത്തിന്റെ രചന. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാവുക.