
തിരുവനന്തപുരം : തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസിൽ കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. പൂരം അലങ്കോലപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവൻ ഡിഐജി തോംസൺ ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്ത് വെച്ച് സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്.
സംഘം ഈ മാസം എഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും. പൂരം ചടങ്ങുകള്‍ അലങ്കോലമായതിന്റെ പേരില്‍ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
മറ്റുവാഹനങ്ങള്‍ക്ക് പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സേവാഭാരതിയുടെ ആംബൂലന്‍സിലായിരുന്നു സുരേഷ് ഗോപി എത്തിയത്.സ്ഥലത്ത് ആദ്യം എത്തിയതും സുരേഷ് ഗോപിയായിരുന്നു. എങ്ങനെയാണ് ആദ്യം വിവരം അറിഞ്ഞതെന്നും സ്ഥലത്ത് എത്തിയതെന്നും അന്വേഷണസംഘം ചോദിച്ചു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.