
തിരുവനന്തപുരം: വിധിയിൽ വലിയ സന്തോഷം. നടൻറെ വരവ് അഗന്ധി ശുദ്ധിവരുത്തിയെന്ന് നിർമാതാവ് സുരേഷ് കുമാർ. നടനെ 90 ദിവസം ജയിലിലിട്ടുവെന്നും ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കുമെന്നും, സർക്കാറും പോലീസും ഇതിൽ ഉത്തരം പറയേണ്ടതുണ്ടെന്നും സുരേഷ് കുമാർ.
നല്ല പോലീസുകാരുണ്ട്, പക്ഷെ പേര് കിട്ടാൻ വേണ്ടി വൃത്തികേട് കാണിക്കുന്നവരും ഉണ്ട്. സത്യമേവ ജയതേ, സത്യം ജയിക്കും എല്ലായ്പ്പോഴും. ഇത് കുറേ സിനിമാക്കാരും പോലീസുകാരും ഉൾപ്പെടെ ഒരാൾക്കെതിരെ നടത്തിയ ഗൂഡാലോചനയാണ്.
ദിലീപിനെ ജയിലിൽ പോയി കണ്ടപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇതിനൊക്കെ ആര് ഉത്തരം പറയും. ആ കുടുംബം അനുഭവിച്ച ട്രോമ ഞങ്ങൾക്കറിയാം. ആ കുഞ്ഞിനെ വരെ വേട്ടയാടി. ആ കുട്ടിക്ക് സ്കൂളിൽ പോകാൻ പറ്റാതെ അവളെ മദ്രാസിൽ കൊണ്ടുപോയി താമസിപ്പിക്കേണ്ടി വന്നു.
എന്തെങ്കിലും ഒരു തെളിവ് ഇവർക്ക് നിരത്താൻ കഴിഞ്ഞോ. ഏത് കോടതിയിൽ പോയാലും കുഴപ്പമില്ല. പക്ഷെ കഴിഞ്ഞ എട്ടര വർഷം എന്തൊരു വലിയ ഹരാസ്മെൻറാണ് അദ്ദേഹം നേരിടേണ്ടി വന്നത്.
എത്ര കോടികളാണ് അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നത്. ഈ കാര്യത്തിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ട്. അദേഹം അഗ്നിശുദ്ധി വരുത്തി പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. വലയ സന്തോഷമുള്ള കാര്യമാണ്.
ഞാൻ അനിയനെ പോലെ കാണുന്ന ആളാണ്. എൻറെ സിനിമയിലൂടെയാണ് ആദ്യമായിട്ട് ദിലീപ് വരുന്നത്. വിഷ്ണുലോകം എന്ന സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടറായിരുന്നു. അന്ന് മുതൽ എനിക്ക് അറിയാവുന്നതാണ് ദിലീപിനെ എന്നും സുരേഷ് കുമാർ വ്യക്തമാക്കി.