+

ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് സമ്മാനിച്ച സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചില്‍ പുതിയ വിവാദവുമായി അമ്പാട്ടി റായിഡു, ബൗണ്ടറി ലൈന്‍ പിറകിലേക്ക് വലിച്ചവരെക്കുറിച്ച് വെളിപ്പെടുത്തി

2024 ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിലെ ഏറ്റവും വിവാദമായ മുഹൂര്‍ത്തങ്ങളിലൊന്നായ സൂര്യകുമാര്‍ യാദവിന്റെ ബൗണ്ടറി ക്യാച്ചിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അംബാട്ടി റായിഡു.

 

ന്യൂഡല്‍ഹി: 2024 ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിലെ ഏറ്റവും വിവാദമായ മുഹൂര്‍ത്തങ്ങളിലൊന്നായ സൂര്യകുമാര്‍ യാദവിന്റെ ബൗണ്ടറി ക്യാച്ചിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അംബാട്ടി റായിഡു.

മത്സരത്തിന്റെ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറെ പുറത്താക്കിയ ഈ ക്യാച്ച് ആണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടാന്‍ നിര്‍ണായകമായത്. ബൗണ്ടറി റോപ്പ് പിന്നോട്ട് മാറ്റിയതിനാലാണ് ആ ക്യാച്ച് ഫലകണ്ടെതെന്നാണ് റായിഡുവിന്റെ വെളിപ്പെടുത്തല്‍. ആ ക്യാച്ച് നിയമാനുസൃതമാണെന്നും ഇന്ത്യയുടെ വിജയം 'ദൈവത്തിന്റെ പദ്ധതി' ആയിരുന്നുവെന്നും റായിഡു പറയുന്നുണ്ട്.

'മത്സരത്തിനിടയിലെ ഇടവേളയില്‍, വേള്‍ഡ് ഫീഡ് കമന്റേറ്റര്‍മാര്‍ക്ക് വേണ്ടി ഒരു കസേരയും സ്‌ക്രീനും ബൗണ്ടറിക്ക് സമീപം വച്ചിരുന്നു. ഇതിനായി ബൗണ്ടറി റോപ്പ് അല്‍പം പിന്നോട്ട് മാറ്റി. എന്നാല്‍, ഉപകരണങ്ങള്‍ നീക്കം ചെയ്ത ശേഷവും റോപ്പ് തിരികെ വയ്ക്കാതിരുന്നതാണ് ബൗണ്ടറി വലുതാകാന്‍ കാരണമെന്ന് 'അണ്‍ഫില്‍റ്റേര്‍ഡ് പോഡ്കാസ്റ്റില്‍' സംസാരിക്കവേ റായിഡു പറഞ്ഞു.

സാധാരണ സ്ഥിതിയില്‍ അന്നത്തെ ഷോട്ട് ഒരു സിക്‌സ് ആയേനെ എന്ന ചോദ്യത്തിന്, റായുഡു പറഞ്ഞത്, 'അത് സിക്‌സ് ആയിരുന്നോ എന്ന് എനിക്കറിയില്ല. റോപ്പ് സാധാരണ സ്ഥാനത്തായിരുന്നെങ്കിലും, ഒരുപക്ഷേ സൂര്യ അത് എടുത്തേനെയെന്നാണ്. ആ ദിവസം ദൈവം ഞങ്ങളോടൊപ്പമായിരുന്നെന്നും പരിപാടിയില്‍ റായിഡു പറഞ്ഞു.

ഈ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. മുന്‍ കളിക്കാര്‍ ഉള്‍പ്പെടെ പലരും ഈ റോപ്പ് മാറ്റത്തെക്കുറിച്ച് അന്ന് തന്നെ ചര്‍ച്ച ചെയ്തിരുന്നെങ്കിലും, വിവാദം പിന്നീട് ശമിച്ചിരുന്നു. എന്നാല്‍, റായുഡുവിന്റെ പുതിയ വെളിപ്പെടുത്തല്‍ ക്യാച്ചിനെ വിവാദത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
 

facebook twitter