
അമേരിക്കയിലെ വാഷിംഗ്ടണില്‍ ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥരെ വെടിവെച്ചുകൊന്ന പ്രതി 'ഫ്രീ പലസ്തീന്‍' മുദ്രാവാക്യം വിളിച്ചതായി റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോഴാണ് ഇയാള്‍ 'ഫ്രീ പലസ്തീന്‍' മുദ്രാവാക്യം വിളിച്ചത്.
ചിക്കാഗോ സ്വദേശിയായ മുപ്പതുവയസുകാരന്‍ ഏലിയാസ് റോഡ്രിഗസാണ് പിടിയിലായത്. ആക്രമണം നടത്തുന്നതിനു മുന്‍പ് പ്രതി മ്യൂസിയം പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടതായി വാഷിംഗ്ടണ്‍ പൊലീസ് മേധാവി പമേല സ്മിത് പറഞ്ഞു. വെടിയുതിര്‍ത്ത ശേഷം ഇയാള്‍ മ്യൂസിയത്തിന് അകത്തേക്ക് പ്രവേശിച്ചു. തുടര്‍ന്ന് ഇവന്റ് സെക്യൂരിറ്റിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച്ച രാത്രി പ്രാദേശിക സമയം ഒന്‍പതുമണിയോടെ വാഷിംഗ്ടണ്‍ കാപ്പിറ്റല്‍ ജൂത മ്യൂസിയത്തിന് പുറത്താണ് ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിവെയ്പ്പുണ്ടായത്. യാറോണ്‍ ലിഷിന്‍സ്‌കി, സാറ മില്‍ഗ്രിം എന്നിവരാണ് കൊല്ലപ്പെട്ടത്. ജൂത മ്യൂസിയത്തില്‍ അമേരിക്ക ഇസ്രായേല്‍ സഹകരത്തോടെ ഒരു സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിവയ്പ്പുണ്ടായത്.
കൊല്ലപ്പെട്ട രണ്ട് ഉദ്യോഗസ്ഥരും വാഷിംഗ്ടണിലെ ഇസ്രായേല്‍ എംബസിയില്‍ ജോലിചെയ്തുവരികയായിരുന്നു. അടുത്തയാഴ്ച്ച ഇവരുടെ വിവാഹനിശ്ചയം ജെറുസലേമില്‍ നടക്കാനിരിക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുശോചനം അറിയിച്ചിരുന്നു. ജൂതവിരുദ്ധത അവസാനിപ്പിക്കണമെന്നും വെറുപ്പിനും ഭീകരതയ്ക്കും യുഎസില്‍ സ്ഥാനമില്ലെന്നുമാണ് ട്രംപ് പറഞ്ഞത്.