പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി, താങ്ങുപീഠം എന്നീ വിവാദങ്ങളില്‍പ്പെട്ട ഉണ്ണികൃഷ്ണന് പോറ്റി തട്ടിപ്പുകാരനാണെന്ന സംശയം ബലപ്പെടുന്നു. ചെറിയ പലിശയ്ക്ക് പണം വായ്പയെടുത്ത് അതിന്റെ പതിന്മടങ്ങ് പലിശയ്ക്ക് വായ്പനല്‍കി സാമ്പത്തികനേട്ടം ഉണ്ടാക്കിയ ബ്ലേഡ് പലിശക്കാരനാണ് ഇയാളെന്ന വിവരം പോലീസിന് ലഭിച്ചു.
കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവടങ്ങളില്‍നിന്നുള്ള ധനികരായ അയ്യപ്പന്മാരെ വിശ്വാസത്തിലെടുത്ത് അവരെ ചൂഷണം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ ഉണ്ണികൃഷ്ണന് പോറ്റി ബെംഗളൂരു കോറമംഗലയ്ക്കടുത്ത് ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായിട്ടാണ് തുടക്കം. പിന്നീട് ശബരിമല ക്ഷേത്രവുമായി വലിയ ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ഭക്തരെ ചൂഷണം ചെയ്യുകയായിരുന്നു.
സ്വര്‍ണമുള്‍പ്പെടെ വിലകൂടിയ സമര്‍പ്പണങ്ങള്‍ നടത്താനുള്ള ഇടനിലക്കാരനായിമാറിയതോടെ ഉണ്ണികൃഷ്ണന് പോറ്റി സ്പോണ്സര് എന്നപേരില്‍ ഇതരസംസ്ഥാനത്തുള്ളവര്‍ക്കിടയില്‍ അറിയപ്പെട്ടുതുടങ്ങി. സ്പോണ്സറെന്ന പേരില്‍ ഇയാള്‍ തട്ടിപ്പു നടത്തിയോ എന്നത് അന്വേഷണത്തില്‍ വ്യക്തമാകും.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ 2019-ല്‍ ഉണ്ണികൃഷ്ണന് പോറ്റി ബെംഗളൂരുവിലേക്ക് കൊണ്ടുപോയതാണ് സൂചന. ബെംഗളൂരുവിലേ ഒരു അയ്യപ്പ ക്ഷേത്രത്തില്‍ കവചം സൂക്ഷിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ബെംഗളൂരു വ്യവസായി വിനീത് ജയിനിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
സ്വര്‍ണകവചം ചെമ്പായി രേഖപ്പെടുത്തിയതിന് പിന്നില്‍ ഉണ്ണികൃഷ്ണനാണെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. സ്വര്‍ണകവചം മാറ്റിയശേഷം അതേ രൂപത്തില്‍ ചെമ്പുകൊണ്ട് കവചമുണ്ടാക്കിയതായാണ് സംശയം. മാറ്റിയ സ്വര്ണകവചമാണ് ബെംഗളൂരുവില്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് അടുത്ത ബന്ധമുള്ള അയ്യപ്പ ക്ഷേത്രത്തില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്.