കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടില്‍ യുവാവ് മരിച്ച നിലയില്‍. സ്വിഗ്ഗി തൊഴിലാളിയായ ഉമ്മളത്തൂര്‍ സ്വദേശി മിഥുന്‍ ആണ് മരിച്ചത്. റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് മിഥുന്റെ മൃതദേഹം കണ്ടെത്തിയത്.
രാത്രി ഭക്ഷണം വിതരണം ചെയ്യാന്‍ പോകുന്ന വഴി വെള്ളക്കെട്ടില്‍ വീണതാകാമെന്നാണ് സൂചന. കുഴിക്ക് ചുറ്റും ആകെയുള്ളത് ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമാണ്. സ്ഥലത്ത് മുന്‍പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.