കോഴിക്കോട് : തനിക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി രംഗത്തെത്തിയ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിന് മറുപടിയുമായി ടി. സിദ്ദീഖ് എം.എൽ.എ. ബി.ജെ.പിക്കെതിരെ ഒരക്ഷരം പറയുന്നതിന് പകരം ബി.ജെ.പി. ക്ക് ആയുധം കൊടുക്കുകയാണ് സി.പി.എം. ജില്ലാ സെക്രട്ടറി ചെയ്തതെന്ന് ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു.
ഫോം നമ്പർ 4 അനുസരിച്ച് താമസ സ്ഥലം മാറ്റാൻ അപേക്ഷ നൽകിയിരുന്നു. അപേക്ഷയോടൊപ്പം വോട്ടർ ഐ ഡി വെച്ചിരുന്നു. അപ്പോൾ വേറെ എവിടെയെങ്കിലും വോട്ടുണ്ടെങ്കിൽ അതൊഴിവാക്കേണ്ടത് ഇലക്ടറൽ ഓഫീസറാണന്നും മാറ്റാൻ വൈകിയതിന് കാരണം ഇലക്ടറൽ ഓഫീസറുടെ വീഴ്ചയാണന്നും എം.എൽ.എ പറഞ്ഞു.
ബി.ജെ.പി.യുടെ നാവായി സി.പി.എം. ജില്ലാ സെക്രട്ടറി മാറി. കോഴിക്കോട് പെരുമണ്ണയിൽ നിന്ന് തൻ്റെ പേര് വയനാട്ടിലെ കൽപ്പറ്റയിലേക്ക് മാറ്റാൻ അപേക്ഷ നൽകിയിരുന്നു. അന്തിമ നടപടി സമയം അവസാനിച്ചിട്ടില്ലന്നും ഇനിയും സമയമുണ്ടന്നും ഫോം നമ്പർ നാല് പ്രകാരമാണ് ഇത് സാധ്യമാകുന്നതെന്നും അപേക്ഷയൊടൊപ്പം ഇലക്ഷൻ തിരിച്ചറിയിൽ കാർഡ് വെച്ചില്ലായിരുന്നെങ്കിൽ തനിക്കെതിരെ പരാതി ഉന്നയിക്കാമായിരുന്നുവെന്നും എം.എൽ.എ. പറഞ്ഞു.
കുതികാൽ വെട്ടിലൂടെ സെക്രട്ടറിയായ ആൾ വലിയ ആഭ്യന്തര പ്രശ്നത്തിലൂടെ സി.പി.എം കടന്നുപോകുമ്പോൾ അധികാരം പിടിച്ചെടുക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്. സി.പി.എമ്മിൻ്റെ കളള വോട്ടിൻ്റെ ഇരയാണ് താനെന്നും അതിനൊയൊക്കെ നേരിട്ടാണ് വളർന്നതെന്നും എം.എൽ.എ പറഞ്ഞു. ഒരു കാരണവശാലും ആരോപണം നിലനിൽക്കുന്നതല്ല. താനും കോൺഗ്രസുമൊന്നും കള്ള വോട്ടിൻ്റെയോ ഇരട്ട വോട്ടിൻ്റെയും പാരമ്പര്യമുള്ളവരല്ല.