കോൺഗ്രസിലെ യുവ നേതാക്കൾ വളരെ കഴിവുള്ളവർ; ഇത് രാഹുലിനെ അസ്വസ്ഥനാക്കുന്നു: മോദി

08:17 PM Aug 21, 2025 | Kavya Ramachandran


ന്യൂഡല്‍ഹി:  കോൺഗ്രസിലെ നിരവധി യുവ നേതാക്കൾ വളരെ കഴിവുള്ളവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ 'കുടുംബത്തിന് അരക്ഷിതാവസ്ഥ'യുള്ളതിനാൽ അവർക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് ഗാന്ധി കുടുംബത്തിന്റെ കുടുംബവാഴ്ചയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മോദി പറഞ്ഞു. യുവ നേതാക്കളുടെ സാന്നിധ്യം രാഹുൽ ഗാന്ധിയെ അസ്വസ്ഥനാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.


ലോക്‌സഭ പിരിഞ്ഞതിന് പിന്നാലെ നടന്ന യോഗത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കാതിരുന്നതോടെ ഈ യോഗം എന്‍ഡിഎ അംഗങ്ങള്‍ മാത്രം പങ്കെടുത്ത യോഗമായി മാറുകയായിരുന്നു.

പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കിയതിനാൽ ഇപ്പോള്‍ സമാപിച്ച പാര്‍ലമെന്റ് സമ്മേളനം മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിംസ് ബില്ല് പാസാക്കിയതിനെ പ്രത്യേകം പ്രശംസിച്ച മോദി ദൂരവ്യാപക ഫലം സൃഷ്ടിക്കാന്‍ സാധിക്കുന്ന നിയമം ആണതെന്നും വ്യക്തമാക്കി. പ്രധാനപ്പെട്ട നിയമനിര്‍മാണ ചര്‍ച്ചകളില്‍നിന്ന് വിട്ടുനിന്നതിന് പ്രതിപക്ഷത്തെ വിമര്‍ശിക്കാനും മോദി മറന്നില്ല. അവർക്ക് തടസ്സങ്ങൾ സൃഷ്ടിക്കാൻ മാത്രമാണ് താൽപര്യമെന്ന് പ്രതിപക്ഷത്തിനെതിരെ അദ്ദേഹം പറഞ്ഞു.


പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലാണ് ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭ പാസാക്കിയത്. കേന്ദ്ര ഇലക്‌ട്രോണിക്‌സ്‌ & ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവാണ് ബിൽ അവതരിപ്പിച്ചത്. ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിനിടെയാണ് ഓൺലൈൻ ഗെയ്മിങ്ങിന്റെ ബിൽ ലോക്‌സഭ പാസാക്കിയത്.

ഓൺലൈൻ ഗെയ്മിങ്ങിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനാണ് ഓൺലൈൻ ഗെയിമിംഗ് ബിൽ നിയമഭേദഗതി ചെയ്യുന്നത്. ഓൺലൈൻ വാതുവെപ്പുകൾക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും. സെലിബ്രിറ്റികൾ ഓൺലൈൻ ഗെയ്മിംഗ് നടത്തുന്നത് നിരോധിക്കുന്നതിന് ബില്ലിൽ വ്യവസ്ഥയുണ്ട്. ഓൺലൈൻ ബെറ്റിംഗ് ആപ്പുകൾക്കുമേൽ കർശന നിരോധനമേർപ്പെടുത്തുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയത്.