ചെന്നൈ : തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയിൽ ചുവപ്പ്, മഞ്ഞ നിറങ്ങളുടെ ശ്രേണി ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്.
പാർട്ടി അധ്യക്ഷൻ ആയ വിജയ്ക്കാണ് കോടതി നോട്ടീസ് അയച്ചത്. കൊടിയിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ ‘മോഷണ’മാണെന്ന് ആരോപിച്ച് സ്വതന്ത്ര സംഘടനയായ തൊണ്ടൈ മണ്ഡല സാൻട്രോർ ധർമ പരിപാലന സഭയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
ഉൽപന്നങ്ങൾക്കുള്ള രജിസ്റ്റേർഡ് മുദ്ര രാഷ്ട്രീയ പാർട്ടിയുടെ പതാകയ്ക്ക് എങ്ങനെ ബാധകമാകുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് സെന്തിൽ രാമമൂർത്തി ചോദിച്ചു. രജിസ്റ്റേർഡ് മുദ്ര സന്നദ്ധ സംഘടനകൾക്കും ട്രസ്റ്റുകൾക്കും ബാധകമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ മറുപടി നൽകി. തുടർന്ന് വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് ടിവികെയ്ക്കു കോടതി നോട്ടീസ് അയച്ചു. ടിവികെ പതാകയിൽ ആനയുടെ ചിഹ്നം ഉപയോഗിക്കുന്നതിനിടെ ബിഎസ്പി നൽകിയ കേസ് ഹൈക്കോടതിയിൽ തുടരുന്നതിനിടെയാണ് പുതിയ വിവാദം.