മധുര : കതോലിക്കാ സഭയുടെ സ്വത്തിനെക്കുറിച്ച് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിലെ അനവസരത്തിലുള്ള അനാവശ്യ പരാമർശം ചില വിപദ് സൂചനകളാണു തരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസ്സാക്കിയതിനു ശേഷം കതോലിക്കാ സഭയെ ഉന്നംവെച്ചു നീങ്ങുകയാണു സംഘപരിവാർ എന്നാണ് ഓർഗനൈസറിലെ ലേഖനത്തിൽ നിന്നും മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഓർഗനൈസർ വെബ്സൈറ്റിൽ നിന്ന് ആ ലേഖനം പിൻവലിച്ചുവെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് ആർ.എസ്.എസിന്റെ യഥാർത്ഥ മനസ്സിലിരിപ്പാണ്. സംഘപരിവാർ മുന്നോട്ടു വെക്കുന്ന ഭൂരിപക്ഷ വർഗ്ഗീയതയുടെ അത്യന്തം തീവ്രമായ അപരമത വിരോധമാണ് ആ ലേഖനത്തിൽ കാണാൻ കഴിയുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളെ ഓരോന്നോരോന്നായി ലക്ഷ്യംവെച്ച് പടിപടിയായി തകർക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ കാണാൻ. പുരോഗമന ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങൾ സംയുക്തമായി നിന്ന് ഇതിനെ ചെറുക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
സർക്കാർ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ കത്തോലിക്ക സഭയാണെന്നും ഇതിൽ ഭൂരഭാഗവും ബ്രിട്ടീഷ് ഭരണകാലത്ത് ലഭിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ആർ.എസ്.എസ് വാരികയായ ഓർഗനൈസർ ലേഖനം പ്രസിദ്ധീകരിച്ചത്. വഖഫ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങളും സ്ഥാപനങ്ങളുടെ കണക്കുകളും വിശദമാക്കി ആർഎസ്എസ് വാരിക രംഗത്തുവന്നത്. ശശാങ്ക് കുമാർ ദ്വിവേദി എഴുതിയ ലേഖനം ചർച്ചയായതോടെ ഓർഗനൈസർ ലേഖനം പിൻവലിക്കുകയും ചെയ്തു.
രാജ്യത്തുടനീളം ഏകദേശം ഏഴ് കോടി ഹെക്ടർ (17.29 കോടി ഏക്കർ) ഭൂമി കത്തോലിക്ക സഭക്കുണ്ട് എന്നാണ് ലേഖനത്തിൽ പറയുന്നത്. പള്ളികൾ, സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങൾ ഈ ഭൂമിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഈ സ്വത്തിന്റെ ആകെ മൂല്യം ഏകദേശം 20,000 കോടി വരുമെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.
‘ബ്രിട്ടീഷ് ഭരണകാലത്ത് ചർച്ച ആക്ടിന്റെ സഹായത്തോടെയാണ് കത്തോലിക്ക സഭ സ്വത്തിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയത്. ബ്രിട്ടീഷ് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി ഇനി സഭയുടെ സ്വത്തായി അംഗീകരിക്കപ്പെടില്ലെന്ന് 1965ൽ കേന്ദ്ര സർക്കാർ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇത് നടപ്പാക്കുന്നതിൽ അയവ് വരുത്തിയതിനാൽ സഭയുടെ ഉടമസ്ഥതയിലുള്ള ചില ഭൂമികളുടെ നിയമസാധുത പരിഹരിക്കപ്പെടാതെ തുടരുകയാണ്. ഇത് തുടർച്ചയായ തർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം നിലവിൽ കത്തോലിക്ക സഭക്ക് തന്നെയാണെങ്കിലും നിയമപരവും ഭരണപരവുമായ ചർച്ചകൾ വികസിക്കുമ്പോൾ ഭൂമിയുടെ നിയമസാധുത സംബന്ധിച്ച ചോദ്യം നിലനിൽക്കാൻ സാധ്യതയുണ്ട്’ -ലേഖനത്തിൽ പറഞ്ഞിരുന്നു.