തിരുപ്പൂരിൽ നഴ്സിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

04:29 PM May 02, 2025 | AJANYA THACHAN

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ നഴ്സിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മധുരൈ സ്വദേശിനി ചിത്രയെ കൊലപ്പെടുത്തിയ ഭർത്താവ് രാജേഷ് ഖന്നയാണ് പിടിയിലായത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

മധുരൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. രാജേഷ് ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു ചിത്രയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തിരുപ്പൂർ കളക്ടറേറ്റിനോട് ചേർന്ന് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിൽ രാവിലെയാണ് യുവതിയുടെ മൃദേഹം കണ്ടെത്തിയത്. 

കല്ലുകൊണ്ട് അടിച്ച് തലയും കൈകകളും ക്രൂരമായി ചതച്ച നിലയിലായിരുന്നു മൃതദേഹം. പല്ലടത്തെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ കഴിഞ്ഞ മാസം ആണ്‌ ചിത്ര ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടിക്കായി വീട്ടിൽ നിന്ന് ചിത്രം ഇറങ്ങിയിരുന്നു എന്ന് അയൽക്കാർ പറഞ്ഞു.

രാജേഷുമായി വഴക്കിട്ടാണ് ചിത്ര ഒന്നര വയസുള്ള കുഞ്ഞുമായി മധുരയിൽ നിന്ന് തിരുപ്പൂരിലേക്ക് മാറിയത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നെന്നും എന്നാൽ ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.