തീരുവ ; നിയമസാധുതയെക്കുറിച്ചുള്ള വാദങ്ങള്‍ നവംബറില്‍ കേള്‍ക്കുമെന്ന് യുഎസ് സുപ്രീം കോടതി

08:49 AM Sep 10, 2025 | Suchithra Sivadas

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടപ്പിലാക്കുന്ന തീരുവകളുടെ നിയമസാധുതയെക്കുറിച്ചുള്ള വാദങ്ങള്‍ നവംബറില്‍ കേള്‍ക്കുമെന്ന് യുഎസ് സുപ്രീം കോടതി. വിഷയത്തില്‍ പെട്ടെന്ന് വിധി വേണമെന്ന് ട്രംപ് ഭരണകൂടം കോടതിയോട് നേരത്തെ ആരാഞ്ഞിരുന്നു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പിഴച്ചുങ്കമടക്കം വന്‍ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് കീഴ്‌ക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതി നേരത്തെ വിധിച്ചതിനെത്തുടന്നാണ് ട്രംപ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തിര സാമ്പത്തിക നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകള്‍ പ്രഖ്യാപിച്ച് പ്രസിഡന്റ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് യു എസ് ഫെഡറല്‍ കോടതി ചൂണ്ടിക്കാട്ടിയത്.

തീരുവകള്‍ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടന അനുസരിച്ച് നിയമനിര്‍മാണ സഭക്ക് മാത്രമാണ്. കേസുകള്‍ തീരുന്നത് വരെ നിലവിലെ തീരുവകള്‍ തുടരാമെന്നാണ് നേരത്ത കീഴ്‌ക്കോടതി വ്യക്തമാക്കിയത്. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകള്‍ നടപ്പാക്കുമെന്ന ട്രംപിന്റെ തീരുമാനം യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി 7 -4 ഭൂരിപക്ഷ വിധിയിലൂടെയാണ് തള്ളിയത്. നികുതി താരിഫ് സംബന്ധിച്ച തീരുമാനം പ്രസിഡന്റിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ലെവികള്‍ നിശ്ചയിക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിനാണ് അധികാരമെന്നും ഫെഡറല്‍ കോടതി പറഞ്ഞു.