ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവിസ് (ടി.സി.എസ്) വൻതോതിൽ ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. 20,000 ത്തോളം ജീവനക്കാർക്ക് സെപ്റ്റംബർ പാദത്തിൽ ജോലി നഷ്ടപ്പെട്ടതായാണ് കണക്ക്. പിരിച്ചുവിടൽ ചെലവിനത്തിൽ കമ്പനിക്ക് 1,135 കോടി രൂപയുടെ ബാധ്യതയാണുണ്ടായത്. എന്നാൽ ജീവനക്കാരുടെ എണ്ണം കുറക്കുന്നത് ഈ വർഷം അവസാനം വരെ തുടരുമെന്നും സി.ഇ.ഒ കൃതിവാസൻ മുന്നറിയിപ്പ് നൽകി.
ടി.സി.എസ് ഈ വർഷം ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, പ്രതീക്ഷിച്ചതിലും വളരെ കൂടുതൽ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 613069 ജീവനക്കാരാണ് ടി.സി.എസിൽ സേവനമനുഷ്ടിച്ചിരുന്നത്. സെപ്റ്റംബർ പാദത്തിൽ 19,755 പേരെ ഒഴിവാക്കിയതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 593,314 ആയി കുറഞ്ഞു. അതേസമയം, സ്ത്രീ ജീവനക്കാരുടെ എണ്ണം 35.2 ശതമാനമായി വർദ്ധിച്ചതായും കമ്പനി വെളിപ്പെടുത്തി.
എ.ഐ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്നായിരുന്നു വിശദീകരണം. എ.ഐ സാങ്കേതിക വൈദഗ്ധ്യമില്ലാത്തവർക്കാണ് ജോലി നഷ്ടപ്പെട്ടത്. പ്രത്യേക ചുമതലയില്ലാത്തവർക്കും പരിശീലനം നേടുന്നവർക്കും നോട്ടിസ് ലഭിച്ചിരുന്നു. കമ്പനിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം ഉയർന്നത്.