മുംബൈ: ഹയർ സെക്കൻഡറി വിദ്യാർഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചടക്കം ഒരു വർഷത്തോളം പീഡിപ്പിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പ്രമുഖ സ്കൂളിലാണ് സംഭവമുണ്ടായത്. ഹോട്ടലുകൾക്ക് പുറമേ മറ്റ് പല സ്ഥലങ്ങളിൽവെച്ചും അധ്യാപിക വിദ്യാർഥിയെ പീഡനത്തിനിരയാക്കി. കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
ടീച്ചർക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ ദാദർ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വൈകാതെ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. ദീർഘകാലമായി അധ്യാപിക പീഡിപ്പിക്കുന്നുണ്ടെന്ന വിവരം ഹയർ സെക്കൻഡറി പരീക്ഷക്ക് ശേഷമാണ് വിദ്യാർഥി വീട്ടുകാരെ അറിയിച്ചത്.
കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ വീട്ടിലേക്ക് ടീച്ചർ വീട്ടുജോലിക്കാരിയെ അയച്ചതോടെയാണ് പീഡനം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. കൊൽക്കത്തയിൽ നിയമവിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള പീഡനവിവരവും വരുന്നത്.
കോളജിലെ സെക്യൂരിറ്റി ഗാർഡിന്റെ മുറിയിൽ വെച്ച് മൂന്നുപേർ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് ഒന്നാംവർഷ നിയമ ബിരുദ വിദ്യാർഥിനിയായ 24കാരിയുടെ പരാതി. പെൺകുട്ടിയുടെ പരാതി ലഭിച്ചതിനു പിന്നാലെ കേസിലെ ആദ്യ മൂന്നുപ്രതികളെയും കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സെക്യൂരിറ്റി ഗാർഡ് എന്നയാളെ പുറത്തുപോകാൻ ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതികളിലൊരാൾ ബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് അതിജീവിതയുടെ പരാതിയിലുള്ളത്. ആ സമയത്ത് മറ്റ് രണ്ടുപേർ സംഭവം നോക്കിനിന്നു. ജൂൺ 15ന് നടന്ന സംഭവം വെള്ളിയാഴ്ചയാണ് പുറത്തറിഞ്ഞത്.