കൊച്ചി: പാലക്കാട്ടെ ഒരു സ്‌കൂളില്‍വെച്ച് പ്രധാനാധ്യാപകനെ ഭീഷണിപ്പെടുത്തുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ പുറത്തുവന്നശേഷം ഒട്ടേറെ അധ്യാപകരാണ് ഇതുസംബന്ധിച്ച് പ്രതികരണവുമായെത്തിയത്. ഒരു സ്‌കൂളില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതെന്നും ഏറെക്കുറെ എല്ലാ സ്‌കൂളുകളിലും ഇതുതന്നെയാണ് സ്ഥിതിയെന്നും ഏവരും ഒരേ സ്വരത്തില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളെ ഉപദേശിച്ചും ചേര്‍ത്തുപിടിച്ചും അധ്യാപകര്‍ അവരെ നേര്‍വഴിക്ക് നയിക്കുകയാണ് വേണ്ടതെന്ന് ചുരുക്കം ചിലരും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍, ഉപദേശിക്കുന്ന അധ്യാപകരെ കുറ്റക്കാരാക്കി രക്ഷിതാക്കളെ എത്തിച്ച് മാപ്പു ചോദിപ്പിക്കുന്ന വിദ്യാര്‍ത്ഥികളാണ് പലയിടത്തുമെന്ന് അധ്യാപകര്‍ പറയുന്നു. അതിനിടെ കുട്ടികളുടെ അടിപടി തടയാന്‍ ചൂരല്‍ പ്രയോഗിച്ചതിന്റെ പേരില്‍ മാനനഷ്ടവും 15,000 രൂപ പിഴയും അടക്കേണ്ടിവന്ന ഒരധ്യാപകന്റെ ദുരനുഭവവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
അധ്യാപകന്റെ വൈറലാകുന്ന കുറിപ്പ്,
വിദ്യാര്‍ത്ഥികളുടെ അടിപിടി തടയുന്നതിനിടയില്‍ ചൂരല്‍ പ്രയോഗിച്ചതിന്റെ ഭാഗമായി രണ്ട് ദിനങ്ങള്‍ പോലീസ് സ്റ്റേഷന്‍ വരാന്തയിലും, പിന്നീട് 15000 രൂപ നഷ്ടപരിഹാരവും നല്‍കേണ്ടി വന്ന വയനാട് വിജയ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകന്റെ പോസ്റ്റ്??
തിരിച്ചറിവുകളുടെ രണ്ട് ദിനങ്ങള്‍.....
ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് നേടാനാവാത്ത തിരിച്ചറിവുകള്‍ രണ്ട് ദിവസങ്ങള്‍ കൊണ്ട് സമ്മാനിച്ച വിദ്യാര്‍ഥിസമൂഹത്തിനും, രക്ഷിതാക്കള്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കും നന്ദി... അധികാരങ്ങളും അവകാശങ്ങളും ഇല്ലാത്ത, ഉത്തരവാദിത്തങ്ങള്‍ മാത്രം പേറേണ്ട കോമാളിവേഷമാണ് അധ്യാപകന്റേത് എന്ന തിരിച്ചറിവ് നല്‍കിയ രണ്ട് ദിനങ്ങള്‍... കുട്ടികള്‍ തമ്മില്‍തല്ലുന്നതു കണ്ടാലും, വഴി തെറ്റി പോകുന്നത് കണ്ടാലും, പഠിച്ചാലും പഠിച്ചില്ലെങ്കിലും, കോപ്പിയടിച്ചാലും, സ്‌കൂള്‍ തല്ലിപ്പൊളിച്ചാലും, കഞ്ചാവ് വലിച്ചാലും, കരണംകുത്തി മറിഞ്ഞാലും...,കണ്ണും കാതും അടച്ച് ഒരു ഗൂഢസ്മിതത്തോടെ ശമ്പളം എണ്ണിനോക്കി വീട്ടില്‍ പോയാല്‍ മതി പുതിയ യുഗത്തിലെ അധ്യാപകന്‍ എന്ന പുതിയ പാഠം പകര്‍ന്നു കിട്ടിയ രണ്ട് ദിനങ്ങള്‍....
എടുക്കുമ്പോള്‍ ഒന്നും, തൊടുക്കുമ്പോള്‍ പത്തും, കൊള്ളുമ്പോള്‍ നൂറുമാകുന്ന അര്‍ജുനന്റെ അസ്ത്രം പോലെ, കുട്ടികള്‍ക്ക് നല്‍കിയ ശിക്ഷയുടെ എണ്ണവും തീവ്രതയും ഓരോ മണിക്കൂറിലും പെരുകിപ്പെരുകി വരുന്ന സുന്ദരമായ കാഴ്ച്ചയും കണ്ടു.ഉത്തരവാദിത്തങ്ങളുടെ സമ്മര്‍ദ്ദവും പ്രതിബദ്ധതയും ഇല്ലാതെ, പുസ്തകം ഛര്‍ദിച്ചു വീട്ടില്‍ പോകുന്നതിന്റെ സുഖം അനുഭവിക്കാന്‍ കുറെ വര്‍ഷങ്ങളുടെ അധ്യാപന ജീവിതം കൂടി ബാക്കിയുള്ളത് ആശ്വാസം നല്‍കുന്നു.
ആയതിനാല്‍, ഈ ആട് ഇനി ഒരു ഭീകരജീവിയല്ല എന്ന് ചോര കുടിക്കാന്‍ കാത്തിരിക്കുന്ന സമൂഹത്തോടും എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥികളോടും ഉറക്കെ ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍ ഒരു റിലാക്‌സേഷന്‍ ഒക്കെയുണ്ട്..... ശുഭം....
സ്‌കൂളിലെ കുട്ടികളെ സ്വന്തം....മക്കളെപ്പോലെ കരുതി അവരെ നേര്‍വഴിക്കു നടത്താന്‍ ശ്രമിച്ച ഒരു പാവം പ്രിന്‍സിപ്പലിനെ കുരുതി കൊടുത്ത കുട്ടികളെ, മാതാപിതാക്കളെ,
ഞങ്ങള്‍ അദ്ധ്യാപകര്‍ക്ക് തെറ്റുപറ്റി നിങ്ങളെ സ്വന്തം മക്കളായി കണ്ടത് തെറ്റ്, നിങ്ങളെ തിരുത്താന്‍ ശ്രമിച്ചതു് അതിലേറെ തെറ്റ്,
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസ്സിലിരുന്ന് മദ്യപിച്ചതും തെറ്റായ സൗഹൃദങ്ങളിലേക്ക് പോകുന്നതും ശരിയല്ലെന്നു ബോധ്യപ്പെടുത്താനും തിരുത്താനും നടപടിയെടുത്തതു് ബാലാവകാശ മനുഷ്യാവകാശ ലംഘനമാണെന്ന് തിരിച്ചറിയാന്‍ ഞങ്ങള്‍ അദ്ധ്യാപകര്‍ക്ക് കഴിഞ്ഞില്ല. മാപ്പ്, മക്കളെ മാപ്പ്.
ഒന്നോര്‍ത്തോളൂ- ഏഴു തലമുറ രക്ഷപെടാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചോളൂ. ഈശ്വരന്‍ പൊറുക്കട്ടെ.