
തിരുവനന്തപുരം: എസ്.ഐ.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി അധ്യാപകരടക്കമുള്ള സർക്കാർ ജീവനക്കാരെ ബി.എൽ.ഒമാരായി(ബൂത്ത് ലെവൽ ഓഫീസർ) നിയമിച്ചതോടെ സ്കൂളുകളുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലായിരുന്നു.
അധ്യാപക സംഘടനകളുടെ ഉൾപ്പെടെയുള്ളവരുടെ ആവശ്യം പരിഗണിച്ച് പഠനം മുടങ്ങാതിരിക്കാൻ താത്കാലിക അധ്യാപകരെ നിയമിക്കാനാണ് സർക്കാറിന്റെ തീരുമാനം. 10,000 ത്തിലേറെ അധ്യാപകരെ താത്കാലികമായി നിയമിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
സർക്കാർ സ്കൂളുകളിലെ അധ്യാപകരെ ബി.എൽ.ഒമാരാക്കിയത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് കാണിച്ച് കെ.എസ്.ടി.എ ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി മന്ത്രി വി. ശിവൻകുട്ടിക്ക് നൽകിയിരുന്നു.
താത്‌കാലിക അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ, കെ.പി.പി.എച്ച്.എ എന്നീ സംഘടനകളും നിവേദനം നൽകിയിരുന്നു. സംസ്ഥാനത്തെ എസ്.ഐ.ആർ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച 30,000 പേരിൽ പതിനായിരത്തിലേറെപ്പേർ സർക്കാർ സ്കൂളുകളിലെ അധ്യാപകരാണ്.