കൊച്ചി: സ്കൂളിൽ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യിൽ ചെറുചൂരൽ കരുതട്ടെഎന്നും ആരെങ്കിലും പരാതി നൽകിയാൽ പോലീസ് വെറുതെ കേസെടുക്കരുതെന്നും ഹൈക്കോടതി. സ്കൂളിലെ അധ്യാപകരുടെ പ്രവൃത്തിയുടെ പേരിൽ പരാതി കിട്ടിയാൽ കഴമ്പുണ്ടോ എന്നറിയാൻ പ്രാഥമികാന്വേഷണം നടത്തണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
കുട്ടികളുടെ നല്ല ഭാവിക്കായി ചെറു ശിക്ഷ നല്കിയാൽ ക്രിമനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലി ചെയ്യേണ്ടത്. ഡെമോക്ലീസിന്റെ വാളുപോലെ അത്തരമൊരു ഭീതി അധ്യാപകരുടെ മേൽ ഉണ്ടാകരുത്. എന്തിനും ഏതിനും കേസ് കൊടുക്കുന്ന ‘കോമൻ ചേട്ടനെ’ക്കുറിച്ച് 2024 ലെ സ്കൂൾ പ്രവേശന ദിവസം ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച റഫീഖ് അഹമ്മദിന്റെ കവിതയും ഉത്തരവിൽ ഉൾപ്പെടുത്തി. ആറാം ക്ലാസുകാരനെ ചൂരൽ കൊണ്ട് അടിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അധ്യാപകന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
അധ്യാപകർ ചൂരൽ പ്രയോഗിക്കാതെ വെറുതെ കൈയ്യിൽ കരുതുന്നത് പോലും കുട്ടികളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. യുവതലമുറയുടെ പെരുമാറ്റം ആശങ്കയുണ്ടാക്കുന്നതാണ്. ചിലരെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. ഇതായിരുന്നില്ല പണ്ടത്തെ അവസ്ഥ. അധ്യാപകരുടെ നിഴൽ മതിയായിരുന്നു അന്ന് അച്ചടക്കത്തിന്. എന്നാൽ ഇന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന്റെയും തടഞ്ഞുവെച്ചതിന്റെയും മർദ്ദിച്ചതിന്റെയും വാർത്തകളാണ് വരുന്നത്. ഇത് പ്രോത്സാഹിപ്പിക്കാനാകില്ല.
ഭാവി തലമുറയെ വാർത്തെടുക്കുന്നവരാണ് അധ്യാപകർ. അവരാണ് കുട്ടികളുടെ മനസ്സും ഹൃദയവുമൊക്കെ രൂപപ്പെടുത്തുന്നത്. പുതുതലമുറയുടെ ശില്പികളാണവർ. അവരാണ് കുട്ടികളെ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നത്. ആ സ്വപ്നങ്ങളാണ് ലോകത്തെ രൂപപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ അധ്യാപകർക്ക് സ്വാതന്ത്ര്യം വേണം. സഹായമായ അന്തരീക്ഷം സ്കുളിലും സൃഷ്ടിക്കണം. അധ്യാപകർ നുള്ളിയെന്നും അടിച്ചെന്നും തുറിച്ച് നോക്കിയെന്നുമൊക്കെയുള്ള പരാതിയുമായി രക്ഷിതാക്കളും കുട്ടികളുമൊക്കെ വരാം. അങ്ങനെയുള്ളപ്പോഴൊക്കെ പ്രാഥമികാന്വേഷണം നടത്തണം. ഇതിനർഥം യുക്തിരഹിതമായ ബുദ്ധിമുട്ട് കുട്ടികൾക്ക് ഉണ്ടാക്കാം എന്നല്ല-കോടതി പറഞ്ഞു.