ദർശനസമയത്ത് ദേവന്റെ വികാരങ്ങളുടെ മൂര്‍ത്തിമദ്ഭാവങ്ങളായ ബലിക്കല്ലുകള്‍സ്പർശിക്കാറുണ്ടോ ? ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വിപരീത ഫലം !!

03:09 PM Jul 07, 2025 | Kavya Ramachandran

ഏതൊരു ക്ഷേത്രത്തിലും ദർശനത്തിനെത്തുമ്പോൾ  പ്രധാനമായി  കാണുന്ന ഒന്നാണ് ബലിക്കല്ലുകൾ. ശ്രീകോവിലിന്റെ ചുറ്റും ക്ഷേത്രത്തിനകത്തും പുറത്ത് മതിലകത്തുമായി ബലിക്കല്ലുകൾ കാണാം. ദേവന്റെ സംരക്ഷകരാണ് ഈ ബലിക്കല്ലുകൾ.  

മിക്ക ക്ഷേത്രത്തിലും കൊടിമരത്തിന് സമീപം ക്ഷേത്രപ്രവേശനകവാടത്തിനടുത്തായി വലിയ ബലിക്കല്ല് കാണാം. ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് നമ്മുടെ മനസ്സിലുള്ള ദുഷ്‌ചിന്തകളെ അവിടെ ബലി നൽകി ക്ഷേത്രത്തിലേക്ക് പ്രവേശിക്കണമെന്നാണ് നമ്മെ അത് ഓർമ്മപ്പെടുത്തുന്നത്.

ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത് അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലരേയുമാണ്. അതിനാൽ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാറുണ്ട്. കിഴക്കിൻറെ ദേവനായ ഇന്ദ്രനാണ് കിഴക്കുവശത്ത്. തെക്ക് കിഴക്ക് അഗ്നിദേവൻറെ ബലിക്കല്ലാണ് വേണ്ടത്. യമദേവനാണ് തെക്ക്വശത്തിൻറെ അധിപൻ. തെക്കു പടിഞ്ഞാറ് ബലിക്കല്ലിൽ ആവേശിക്കേണ്ടത് ആ ദിക്കിൻറെ ദേവനായ നിരൃതിയെയാണ്. വരുണൻ പടിഞ്ഞാറുദിക്കിലും, വായുദേവൻ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്ക്ദിശയുടെ അധിപൻ കുബേരനാണെങ്കിലും ക്ഷേത്രങ്ങളിൽ വടക്കുഭാഗത്ത് ബലിക്കല്ലിൻറെ അധിപൻ സോമനാണ്. അതിനാൽ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരിൽ നിന്നും വേറിട്ട് സോമിനു കൊടുത്തിരിക്കുന്നു. വടക്ക് കിഴക്ക് ഈശാനനാണ്.

ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്. മുകളിലെ ദിക്കിൻറെ അധിപൻ ബ്രഹ്മാവാണ്. അതിനാൽ ബ്രഹ്മാവിന് വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്കിഴക്കിനും ഇടയിൽ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിൻറെ അധിപൻ അനന്തനാണ്. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്റേയും (പടിഞ്ഞാറ്) ബലിക്കല്ലുകൾകിടയിലാണ് അനന്തൻറെ ബലിക്കല്ലിൻറെ സ്ഥാനം. ക്ഷേതങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.

മതില്‍ക്കെട്ട്, പുറത്തെ പ്രദിക്ഷണ വഴി, പുറബലി വട്ടം, ചുറ്റമ്പലം, .അകത്തെ പ്രദക്ഷിണ വഴി, അകബലി വട്ടം, ശ്രീകോവില്‍ എന്നീ ഏഴു ആവരണങ്ങളാണ് ക്ഷേത്രവിഗ്രഹത്തെ ആവരണം ചെയ്തിരിക്കുന്നത്. സാധാരണ പുറത്തെയും അകത്തെയും പ്രദക്ഷിണ വഴികളിലാണ് ബലിക്കല്ലുകള്‍ ഉണ്ടാവുക.

ക്ഷേത്രത്തിനുളളിൽ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദർശിച്ച ശേഷം പ്രദക്ഷിണം ആരംഭിക്കാം. പ്രദക്ഷിണം ചെയ്യുമ്പോൾ എപ്പോഴും ബലിക്കല്ലുകൾ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതുഭാഗത്തായിരിക്കണം. ബലിക്കല്ലുകൾ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന് ചുറ്റുമായാണ് ബലിക്കല്ലുകളുടെ സ്ഥാനം. ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളിൽ തട്ടുകയോ മറികടക്കുകയോ ചവിട്ടുകയോ ചെയ്താൽ ബലിക്കല്ലിൽ തൊട്ടു തൊഴരുത്. അറിയാതെ ചവിട്ടുന്നതിലും വലിയ തെറ്റാണ് തൊട്ടു തലയിൽ വയ്ക്കുന്നത്. ഒരു ബലിക്കല്ലിൽ നിന്നും മറ്റൊരു ബലിക്കല്ലിലേക്ക് നിരന്തരമായി ഊർജ പ്രവാഹമുണ്ടാകും. ഈ ഊർജ പ്രവാഹത്തിന് തടസ്സമുണ്ടാവാൻ പാടില്ല എന്നതാണു തത്വം.

തൊട്ടുതൊഴുമ്പോൾ നമ്മൾ വീണ്ടും ഈ ഊർജ പ്രവാഹത്തിനു തടസ്സം വരുത്തുന്നു. ഭക്തര്‍ക്ക് തൊടാനുള്ളതല്ല ബലിക്കല്ല് എന്ന യാഥാര്‍ഥ്യം ഓരോരുത്തരും മനസിലാക്കിയിരിക്കണം. അറിയാതെ ബലിക്കല്ലില്‍ സ്പര്‍ശിക്കാനിടയായാല്‍ പരിഹാരമായി ‘ കരചരണകൃതം വാക്കായജം കര്‍മ്മജം വാ ശ്രവണ നയനജം വാ മാനസംവാപരാധം വിഹിതമിഹിതം വാ സര്‍വ്വമേതല്‍ ക്ഷമസ്വ ശിവശിവ കരുണാബ് ധോ ശ്രീമഹാ ദേവശം ഭോ ‘ ഈ മന്ത്രം മൂന്നു വട്ടം ജപിച്ചാല്‍ മതിയാകുമെന്നാണ് പുരാണങ്ങളിൽ പറയുന്നത് . ഇതോടെ ബലിക്കല്ലില്‍ ചവുട്ടിയ അപരാധം നീങ്ങിക്കിട്ടും. അറിയാതെ പോലും ബലിക്കല്ലില്‍ ചവിട്ടിയാല്‍ ഒരിക്കലും ബലിക്കല്ല് തൊട്ടു തലയില്‍ വയ്‌ക്കരുത്. ഈ മന്ത്രജപത്തിനു ശേഷം മൂര്‍ത്തിയെ മനസില്‍ സ്മരിച്ച് സര്‍വാപരാധം ക്ഷമിക്കണം എന്നു പ്രാര്‍ഥിക്കുക.