ദേവിയുടെ ആർത്തവത്തെ ആഘോഷമാക്കുന്ന ഒരു ക്ഷേത്രമുണ്ട്. ഇവിടെ ശിവനും പാർവതിയും അർധനാരീശ്വര സങ്കൽപത്തിൽ കുടിയിരുത്തപ്പെട്ടിരിക്കുന്നു. പറഞ്ഞു വരുന്നത് , ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തെക്കുറിച്ചാണ് .
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ പാർവതി ദേവിയും മഹാദേവനുമാണ്. ക്ഷേത്രം മഹാദേവന്റെ പേരിലാണെങ്കിലും അറിയപ്പെടുന്നത് ദേവിയുടെ പേരിലാണ്. ഈ ക്ഷേത്രത്തിൽ പാർവതി സമേതനായി ആണ് മഹാദേവൻ ഇരിക്കുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആർത്തവമാകുന്ന സമയങ്ങളിൽ ദേവിയുടെ ഉടയടകളിൽ അതിന്റെ അടയാളം ഉണ്ടാകുമെന്നാണ് വിശ്വാസം.
ദേവി രജസ്വലയായാൽ മൂന്ന് ദിവസത്തേക്ക് നടയടയ്ക്കുകയും ദേവിയെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും ചെയ്യും.നാലാം ദിവസം മിത്ര പുഴയിൽ ദേവിയുടെ ആറാട്ട് നടത്തിയ ശേഷം വീണ്ടും നടതുറക്കും. ഇതിനെ തൃപ്പൂത്ത് ആറാട്ട് എന്നാണ് വിളിക്കുന്നത്. ആറാട്ട് നടത്തി തിരിച്ചെത്തുന്ന ദേവിയെ കാണാൻ മഹാദേവൻ ക്ഷേത്ര പടിക്കൽ വരെ എഴുന്നള്ളിയെത്തും.
ഈ ദിവസം ഭക്തർ നെയ്യ് വിളക്കും പൂങ്കുലയുമായി ആണ് ദേവിയെ എതിരേൽക്കുന്നത്. സന്താന ലബ്ധി, ആഗ്രഹ സാഫല്യം, വിവാഹം , ആർത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇവയ്ക്കൊക്കെ ഈ സമയത്ത് ദേവിയെ ആരാധിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ചെങ്ങന്നൂർ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട് വളരെ പ്രസിദ്ധമാണ്.
സർവ്വാഭീഷ്ടദായികയായ ദേവിയുടെ തൃപ്പൂത്താറാട്ടിൽ പങ്കെടുത്തു പ്രാർഥിച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്നാണ് വിശ്വാസം. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനും കുഞ്ഞുങ്ങൾ ഉണ്ടാകാനും ധനലബ്ധിക്കുമെല്ലാമായി ദേവിയെ ഉള്ളു നിറഞ്ഞു പ്രാർഥിക്കാൻ ഉത്സവസമയത്ത് ആയിരക്കണക്കിനു ഭക്തർ ഇവിടേക്ക് ഒഴുകിയെത്തുന്നു
. തൃപ്പൂത്തായിരിക്കുമ്പോള്‍ ദേവിക്കു മുന്നില്‍ യുവതികള്‍ പ്രദക്ഷിണം വച്ച് വണങ്ങുന്ന പതിവുണ്ട്. ഉത്സവ സമയത്ത് പന്ത്രണ്ടു ദിവസം ദേവിയുടെ ഇഷ്ടവഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി നടത്തി പ്രാര്‍ഥിച്ചാല്‍ മനസ്സിലുള്ള ഏതൊരു ആഗ്രഹവും നടക്കും എന്ന് ഭക്തര്‍ വിശ്വസിക്കുന്നു.
ധനുമാസത്തിലെ തിരുവാതിര നാളില്‍ ആരംഭിച്ച് മകരമാസത്തിലെ തിരുവാതിര വരെ നീളുന്ന, ഇരുപത്തിയെട്ടു ദിവസത്തെ തിരുവുത്സവമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആഘോഷം. ഈ സമയത്ത് നാടു മുഴുവന്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നു. പുലര്‍ച്ചെ മൂന്നരയ്ക്കാണ് നട തുറക്കുക. രാവിലെ പതിനൊന്നരയോടെ നടയടയ്ക്കും. വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെ വീണ്ടും നട തുറന്നിരിക്കും.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേക്ക്. ബസ് സ്റ്റാന്‍ഡ് വെറും അര കിലോമീറ്റര്‍ ദൂരത്തിലാണ്.