ക്ഷേത്രദര്‍ശനം പുണ്യപ്രവൃത്തിയാണ്. മനുഷ്യശരീരത്തിന്റെ പ്രതീകമാണ് ക്ഷേത്രം.ക്ഷേത്രത്തിലെ വിഗ്രഹത്തിലെ പ്രഭ , വിളക്കുകളിലെ നാളം എന്നിവ കണ്ണുകളെയും ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം മൂക്കിനേയും തീർഥം , പ്രസാദം, ജപിക്കുന്ന ഈശ്വരനാമങ്ങൾ എന്നിവ നാവിനെയും മണിനാദം, ശംഖുവിളി ,മന്ത്രധ്വനി എന്നിവ ചെവികളെയും ചന്ദനം, ഭസ്മം തുടങ്ങിയ പ്രസാദങ്ങൾ തൊടുന്നത് ത്വക്കിനെയും ഉത്തേജിപ്പിക്കും. ചുരുക്കത്തിൽ പഞ്ചേന്ദ്രിയങ്ങളെ ഉത്തേജിപ്പിച്ച് മനുഷ്യമനസ്സിലെ മാലിന്യങ്ങൾ നീക്കി പോസിറ്റീവ് ഊർജം നിറക്കാൻ ഉത്തമമാർഗ്ഗമാണത്രേ ക്ഷേത്രദർശനം.
ക്ഷേത്രദർശനത്തിന് പ്രത്യേക ദിവസം നോക്കേണ്ട കാര്യമില്ല . അങ്ങനെയൊരു നിഷ്ഠയും നിലവിലില്ല. പിന്നെ ഓരോ ദേവന്മാർക്കും ദേവിമാർക്കും ചില പ്രത്യേക ദിനങ്ങൾ പ്രാധാന്യമുള്ളവയാണ്. അന്നേദിവസം ക്ഷേത്രദർശനം നടത്തുന്നത് ശ്രേഷ്ഠവും സാധാരണ ദിനത്തെക്കാൾ ഇരട്ടിഫലം ലഭിക്കുമെന്നാണ് വിശ്വാസം. എല്ലാ മലയാളമാസത്തിലെ അവസാന ദിനത്തിലെ സന്ധ്യാസമയത്തെ ക്ഷേത്രദർശനവും ആദ്യദിനത്തിലെ പ്രഭാതദർശനവും ഉത്തമമായി കരുതിപ്പോരുന്നു.
ക്ഷേത്രപ്രദര്‍ക്ഷിണം ഏറെ പ്രധാനമാണ്. 21 പ്രദക്ഷിണമാണ് ഏറ്റവും ഉത്തരം. ഇതിനു തുല്യമായി വരും 3 പ്രദക്ഷിണം. ഗണപതിയ്‌ക്ക് ഒരു പ്രദക്ഷിണം, ഭദ്രകാളിയ്‌ക്ക് 2 പ്രദക്ഷിണം, മഹാദേവനു 3 പ്രദക്ഷിണം, മഹാവിഷ്ണുവിനു 4, അയ്യപ്പന് 5, സുബ്രഹ്മണ്യന് 6, ദുര്‍ഗയ്‌ക്ക 7 എന്നിങ്ങനെയാണ് കണക്ക്. മഹാദേവനു പ്രദക്ഷിണം വയ്‌ക്കുമ്പോള്‍ ഓവ് മുറിച്ചു കടക്കരുത്. നവഗ്രഹങ്ങള്‍ക്ക് എല്ലാവര്‍ക്കു കൂടി 9 പ്രദക്ഷിണം വേണം. പ്രദക്ഷിണം വയ്‌ക്കുമ്പോള്‍ ബലിക്കല്ലു സ്പര്‍ശനം പാടില്ല.
അരയാല്‍ പ്രദക്ഷിണം പുണ്യം നല്‍കും. 7 തവണ പ്രദക്ഷിണമാണ് അത്യുത്തണം. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനം ഉച്ചയ്‌ക്ക അഭീഷ്ടസിദ്ധി, വൈകീട്ടു സര്‍വപാപ പരിഹാരം എന്നതാണ് ഫലം. ക്ഷേത്രത്തില്‍ പുരുഷന്മാര്‍ക്കു സാഷ്ടാംഗ നമസ്‌കാരം പ്രധാനം. സ്ത്രീകള്‍ പഞ്ചാംഗ നമസ്‌കാരമാണ് ചെയ്യേണ്ടത്. അതായത് കഴുത്തു മുതല്‍ മുട്ടുവരെ നിലത്തു സ്പര്‍ശിയ്‌ക്കരുത്. കൊടിമരമുള്ള ക്ഷേത്രങ്ങളില്‍ ഇതിനു ചുവട്ടില്‍ മാത്രമേ നമസ്‌കരിക്കാവൂ. തെക്കും വടക്കും നോക്കിയിരിയ്‌ക്കുന്ന ക്ഷേത്രങ്ങളില്‍ സാഷ്ടാംഗ നമസ്‌കാരങ്ങള്‍ പാടില്ല.