ഇനി അധികം സമയം കളയാതെ വെറും 10 മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന സാമ്പാറിന്റെ റെസിപ്പി അറിഞ്ഞാലോ? ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ സാമ്പാറിന് വേണ്ടി പരിപ്പ് വേവിക്കുന്ന സമയം സേവ് ചെയ്യാൻ പറ്റും എന്നുള്ളത് തന്നെയാണ്. അതായത് ഈ സാമ്പാറിൽ നമ്മൾ പരിപ്പ് ചേർക്കുന്നില്ല അല്ലാതെ തന്നെ നല്ല കുറുകിയ രുചികരമായ സാമ്പാർ 10 മിനിറ്റിൽ നമുക്ക് ഉണ്ടാക്കി നോക്കാം.
ചേരുവകൾ
സവാള – വലുത് ഒരെണ്ണം
വെളുത്തുള്ളി – രണ്ടല്ലി
തക്കാളി – 2 എണ്ണം
പിഴുപുളി – ഒരു ചെറിയ ഉണ്ട
പച്ചമുളക് – രണ്ടെണ്ണം
മഞ്ഞൾപൊടി – ¼ ടീസ്പൂൺ
സാമ്പാർപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
മല്ലിപൊടി – ½ ടീസ്പൂൺ
കയപ്പൊടി – ആവശ്യത്തിന്
കടലമാവ് – 1 ടീസ്പൂൺ
ഉപ്പ്, വെളിച്ചെണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു ഒരു പിടി കറിവേപ്പില കൂടി ഇടാം. ചൂടാകുമ്പോൾ അതിലേക്കു സവാള അരിഞ്ഞതും വെളുത്തുള്ളിയും പച്ചമുളക് രണ്ടായി കീറിയതും ചേർത്ത് വഴറ്റുക. സവാള ഏകദേശം വഴന്ന് കഴിയുമ്പോൾ അതിലേക്ക് തക്കാളി അരിഞ്ഞതും ചേർത്ത് ഇളക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് ഇളക്കാം. നന്നായി വഴന്നു കഴിയുമ്പോഴേക്കും അതിലേക്ക് ഒരു ടീസ്പൂൺ സാമ്പാർ പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് ഇളക്കുക. പൊടികളെല്ലാം ചൂടായി പച്ചമണം മാറി കഴിയുമ്പോൾ അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക.
വെള്ളം തിളച്ചു വരുമ്പോഴേക്കും നേരത്തെ എടുത്തു വച്ചിരിക്കുന്ന ചെറിയ ഉണ്ട പുളി പിഴിഞ്ഞത് സാമ്പാറിലേക്ക് ചേർക്കുക. ആവശ്യത്തിനു കായപ്പൊടി ചേർക്കാം. സാമ്പാർ നന്നായി തിളച്ച് വരുമ്പോഴേക്കും ഒരു സ്പൂൺ കടലമാവ് വെള്ളം ഒഴിച്ച് കട്ട കെട്ടാതെ നന്നായി കലക്കിയെടുത്ത് തിളച്ചു കൊണ്ടിരിക്കുന്ന സാമ്പാറിലേക്ക് ചേർക്കുക. ഈ കടലമാവാണ് പരിപ്പിന് പകരമായി സാമ്പാറിൽ ചേർക്കുന്നത്. കടലമാവ് ചേർത്ത് തിളച്ചു കഴിയുമ്പോഴേക്കും സാമ്പാർ നന്നായി കുറുകി നല്ല പാകമായി വരും. കൂടുതൽ മണത്തിനും രുചിക്കുമായി കുറച്ച് മല്ലിയിലയും കൂടി ചേർക്കാവുന്നതാണ്. ദാ 10 മിനിറ്റിൽ സാമ്പാർ റെഡി. ഈ സാമ്പാറിന് മറ്റൊരു പേരും കൂടി ഉണ്ട് ബോംബെ സാമ്പാർ എന്നാണ് നമ്മുടെ ഈ ഈസി സാമ്പാർ അറിയപ്പെടുന്നത്. എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കൂ.