മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

07:47 AM Sep 12, 2025 | Suchithra Sivadas

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനു തൊട്ടുമുമ്പ് മണിപ്പൂരില്‍ സംഘര്‍ഷം. ചുരാചന്ദ്പൂരിലാണ് സംഭവം. മോദിയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം ചിലര്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പൊലീസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. അതേസമയം, ദേശീയപാത ഉപരോധം നാഗ സംഘടനകള്‍ താല്‍ക്കാലികമായി പിന്‍വലിച്ചിട്ടുണ്ട്.


ശനിയാഴ്ച ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. സന്ദര്‍ശനത്തിന് മുന്നോടിയായി മേഖലയില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിനെതിരെ നിരോധിത സംഘടനകള്‍ രം?ഗത്തുവന്നിട്ടുണ്ട്. മോദിയുടെ ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ ആറ് സംഘടനകള്‍ ആഹ്വാനം ചെയ്തു. ദ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്.

മണിപ്പൂരില്‍ ദേശീയപാത രണ്ട് തുറക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതില്‍ സര്‍ക്കാരും കുക്കി സംഘടനകളും തമ്മില്‍ ധാരണയായി. ഉപരോധങ്ങള്‍ അവസാനിപ്പിക്കാനും തീരുമാനമായി. മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ തീരുമാനം. 2023 മെയ് മാസത്തില്‍ മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണ് ഇത്.