
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ അതിര്‍ത്തി അടച്ചത് ഇരു രാജ്യങ്ങള്‍ക്കും തിരിച്ചടിയാകുന്നു. അവശ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്നതോടെ ഇരുരാജ്യങ്ങളിലെയും ജനം വലഞ്ഞു. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പാകിസ്ഥാനില്‍ തക്കാളിയുടെ വില അഞ്ചിരട്ടിയായി ഉയര്‍ന്നു. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം എല്ലാ വ്യാപാരവും ഗതാഗതവും തടഞ്ഞിരിക്കുകയാണെന്ന് കാബൂളിലെ പാക്-അഫ്ഗാന് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ തലവന്‍ ഖാന് ജാന്‍ അലോകോസെ വ്യാഴാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും ഇരുവിഭാഗത്തിനും ഏകദേശം 1 മില്യണ്‍ ഡോളര്‍ നഷ്ടം സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മില്‍ 2.3 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വ്യാപാരത്തിന്റെ ഭൂരിഭാഗവും പഴങ്ങള്‍, പച്ചക്കറികള്‍, ധാതുക്കള്‍, മരുന്നുകള്‍, ഗോതമ്പ്, അരി, പഞ്ചസാര, മാംസം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയാണ്. പാകിസ്ഥാന് വ്യാപകമായി ഉപയോഗിക്കുന്ന തക്കാളിയുടെ വില 400 ശതമാനത്തിലധികം ഉയര്‍ന്ന് കിലോയ്ക്ക് ഏകദേശം 600 പാകിസ്ഥാന് രൂപയായി . അഫ്ഗാനിസ്ഥാനില്‍ നിന്ന് വരുന്ന ആപ്പിളിനും വില കുതിച്ചുയരുകയാണ്. ദിവസവും കയറ്റുമതി ചെയ്യുന്നതിനായി ഏകദേശം 500 കണ്ടെയ്നര്‍ പച്ചക്കറികള്‍ ഞങ്ങളുടെ പക്കലുണ്ട്. അവയെല്ലാം കേടാകുകയാണെന്നും അലോകോസെ പറഞ്ഞു.
ഏകദേശം 5,000 കണ്ടെയ്നര്‍ സാധനങ്ങള്‍ അതിര്‍ത്തിയുടെ ഇരുവശത്തും കുടുങ്ങിക്കിടക്കുന്നു. വിപണിയില്‍ തക്കാളി, ആപ്പിള്‍, മുന്തിരി എന്നിവയ്ക്ക് ഇതിനകം തന്നെ ക്ഷാമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പാകിസ്ഥാന് വാണിജ്യ മന്ത്രാലയം വിഷയത്തില്‍ പ്രതികരിച്ചില്ല.