+

'കൃതികയെ കൊലപ്പെടുത്തിയത് പ്രണയബന്ധം തുടരാൻ, വിവാഹമോചനം നേടിയാൽ സ്വത്ത് പോകുമെന്നും ഭയം'; ബെംഗളൂരുവിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

'കൃതികയെ കൊലപ്പെടുത്തിയത് പ്രണയബന്ധം തുടരാൻ, വിവാഹമോചനം നേടിയാൽ സ്വത്ത് പോകുമെന്നും ഭയം'; ബെംഗളൂരുവിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ബെം​ഗളൂരു: ബെംഗളൂരുവിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രണയ ബന്ധം തുടരാൻ വേണ്ടിയാണ് കൃതികയെ ഡോ മഹേന്ദ്ര കൊലപ്പെടുത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്. വിവാഹമോചനം നേടിയാൽ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നു. കൃതികയ്ക്ക് കാൻസറാണെന്ന് അറിഞ്ഞതും കൊലയ്ക്ക് കാരണമായി. രോഗവിവരം കൃതികയുടെ മാതാപിതാക്കൾ മറച്ചുവച്ചുവെന്നും ഡോ മ​ഹേന്ദ്രയുടെ മൊഴിയുണ്ട്. മരിക്കുന്നതിന് തലേദിവസം കൃതികയ്ക്ക് 15എംഎൽ അനസ്തേഷ്യ നൽകിയിരുന്നു. പൊലീസിനോട് കുറ്റം ഏറ്റുപറഞ്ഞിരിക്കുകയാണ് ഡോ. മഹേന്ദ്ര റെഡ്ഡി. വാട്സാപ്പ് ചാറ്റുകൾ പൊലീസ് വീണ്ടെടുത്തതിന് പിന്നാലെയാണ് മഹേന്ദ്രയുടെ കുറ്റസമ്മതം. കൃതികയെ കൊന്നു എന്ന് പെൺസുഹൃത്തിന് അയച്ച സന്ദേശമാണ് പൊലീസ് വീണ്ടെടുത്തത്.

ബെംഗളൂരുവിൽ യുവ ഡോക്ട‍റെ ഭർത്താവ് കൊലപ്പെടുത്തിയത് ദീർഘനാളത്തെ ആസൂത്രണത്തിനൊടുവിലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഡോക്ടർ കൃതികയെ കൊലപ്പെടുത്താൻ ഉപയോഗിച്ച അനസ്തേഷ്യ ഡോക്ടർ മഹേന്ദ്ര റെഡ്ഡി വാങ്ങിയത് സ്വന്തം കൈപ്പടയിൽ എഴുതിയ പ്രിസ്ക്രിപ്ഷൻ ഉപയോഗിച്ചാണെന്നും പൊലീസ് കണ്ടെത്തി. ഭാര്യയെ ഡോക്ടർ മഹേന്ദ്ര എന്തിന് കൊലപ്പെടുത്തി എന്നതിൽ അവ്യക്തത തുടരുന്നതിനിടെ മകൾക്കായി നിർമിച്ച് നൽകിയ മൂന്ന് കോടിയുടെ വീട് ഡോക്ടർ കൃതിക റെഡ്ഡിയുടെ മാതാപിതാക്കൾ ദാനം ചെയ്തു. ആ വീട് ഞങ്ങൾ അവൾക്കായി ഉണ്ടാക്കിയതാണ്. അവിടെ അവളില്ല. കൃതികയില്ലാത്ത ആ വീട്ടിലേക്ക് ഇനി ഞങ്ങളില്ല. അതുകൊണ്ട് ആ വീട് ഇസ്കോൺ ട്രസ്റ്റിന് നൽകിയെന്ന് മാതാപിതാക്കൾ പറഞ്ഞു.

മകളുടെ ഓ‌ർമകൾ നിറഞ്ഞു നിൽക്കുന്ന ബെംഗളൂരു അയ്യപ്പ ലേ ഔട്ടിലെ വീട്. ആ വീടിലേക്ക് ഇനിയില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഭർത്താവിന്റെ ക്രൂരതയിൽ അകാലത്തിൽ പൊലിഞ്ഞ ഡോക്ടർ കൃതിക എം.റെഡ്ഡിയുടെ മാതാപിതാക്കൾ. മകളും ഭർത്താവും പേരക്കുട്ടികളും സന്തോഷത്തോടെ ജീവിക്കുമെന്ന് കരുതി നിർമിച്ച് നൽകിയ വീട് ഇസ്കോൺ ക്ഷേത്രം ട്രസ്റ്റിന് മുനി റെ‍‍ഡ്ഡിയും ഭാര്യ സൗജന്യയും കൈമാറി. 3 കോടിയോളം രൂപ വില വരുന്ന വീടിന് മുന്നിൽ ഒരു ബോർ‍ഡും സ്ഥാപിച്ചു. ഇൻ മെമ്മറി ഓഫ് ഡോക്ടർ കൃതിക റെഡ്ഡി എന്ന്.

മഹേന്ദ്ര കൃതികയെ കൊന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസിന്റെ നിഗമനം. കൊലപ്പെടുത്താൻ ഉപയോഗിച്ച അനസ്തേഷ്യ ഡ്രഗ്ഗായ പ്രോപ്പോഫോൾ മഹേന്ദ്ര വാങ്ങിയത് സ്വന്തം കൈപ്പടയിൽ എഴുതിയ പ്രിസ്ക്രിപ്ഷൻ കാണിച്ചാണ്. മരുന്ന് നൽകാൻ മെഡിക്കൽ ഷോപ്പുടമ വിസമ്മതിച്ചപ്പോഴായിരുന്നു ഇത്. കൃതികയെ നേരത്തെ മുതൽ ഗാസ്ട്രിക് പ്രശ്നങ്ങൾ അലട്ടിയിരുന്നത് മനസിലാക്കിയ മഹേന്ദ്ര സമർത്ഥമായി കരുക്കളെല്ലാം നീക്കി. അവളെ ഭൂമുഖത്ത് നിന്നൊഴിവാക്കി.

facebook twitter