ദുബായ്: ദീപാവലി ആഘോഷങ്ങൾക്കിടെ ദുബായിൽ വെച്ച് ഇന്ത്യൻ വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശിയും വിദ്യാർഥിയുമായ വൈഷ്ണവ് കൃഷ്ണകുമാർ (18) ആണ് അന്തരിച്ചത്. ചൊവ്വാഴ്ച രാത്രി ദുബായ് ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനിടെ വൈഷ്ണവ് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായി ഡോക്ടർമാർ രേഖപ്പെടുത്തിയത്. മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബായിലെ ബി.ബി.എ. മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയായിരുന്നു വൈഷ്ണവ്. പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് അദ്ദേഹത്തിന് ഗോൾഡൻ വീസ ലഭിച്ചത്. കഴിഞ്ഞ 20 വർഷമായി ദുബായിൽ താമസിക്കുന്ന വി. ജി. കൃഷ്ണകുമാർ- വിധു കൃഷ്ണകുമാർ ദമ്പതികളുടെ മകനാണ് വൈഷ്ണവ്. മാതാവ് ഇതേ സ്കൂളിലെ അധ്യാപികയാണ്.
പതിവായി വ്യായാമം ചെയ്യുകയും ആരോഗ്യത്തിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്ന വൈഷ്ണവിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി കുടുംബത്തിന് അറിയില്ല. മരണകാരണം സംബന്ധിച്ച് ദുബായ് പോലീസ് ഫോറൻസിക് വിഭാഗം കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.