ടെക്സസിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. മരിച്ചവരിൽ പതിനഞ്ച് പേർ കുട്ടികളാണ്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് ഗ്വാഡലൂപ്പ് നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് വെള്ളപ്പൊക്കമുണ്ടായതെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സെൻട്രൽ കെർ കൗണ്ടിയിൽ കുറഞ്ഞത് 25 സെന്റീമീറ്റർ മഴ പെയ്തു. ഇത് ഗ്വാഡലൂപ്പ് നദിയിൽ ദ്രുത വെള്ളപ്പൊക്കത്തിന് കാരണമായി.
ഉയർന്നുവരുന്ന വെള്ളത്തിൽ കുടുങ്ങിപ്പോയവരെയോ ഒഴുകിപ്പോയവരെയോ കണ്ടെത്താൻ രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ നടത്തുകയാണ്. കെർ കൗണ്ടിയിൽ 15 കുട്ടികൾ ഉൾപ്പെടെ 43 പേരുടെ മരണം സ്ഥിരീകരിച്ചു. ബർനെറ്റ് കൗണ്ടിയിൽ മൂന്ന് പേർ കൂടി മരിച്ചതായും രണ്ട് പേരെ ഇപ്പോഴും കാണാതായതായും റിപ്പോർട്ടുണ്ട്. ട്രാവിസ് കൗണ്ടിയിൽ നാല് പേർ മരിച്ചതായും കുറഞ്ഞത് 13 പേരെ കാണാതായതായും സ്ഥിരീകരിച്ചു.
കെർ കൗണ്ടി ഷെരീഫ് ലാറി ലീത മുമ്പ് റിപ്പോർട്ട് ചെയ്തത് 25 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല എന്നാണ്. ഹണ്ട് എന്ന ചെറുപട്ടണത്തിലെ നദീതീരത്ത് സ്ഥിതി ചെയ്യുന്ന പെൺകുട്ടികൾ മാത്രമുള്ള ഒരു ക്രിസ്ത്യൻ വേനൽക്കാല ക്യാമ്പിലെ അംഗങ്ങളാണ് കാണാതായത്. വെള്ളപ്പൊക്കം മുന്നറിയിപ്പില്ലാതെയാണ് ഉണ്ടായതെന്ന് സമീപത്തുള്ള കെർവില്ലെയുടെ സിറ്റി മാനേജർ ഡാൽട്ടൺ റൈസ് പറഞ്ഞു. രൂക്ഷമായ പ്രളയത്തെത്തുടർന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കി.