കഞ്ചാവിനെ വീണ്ടും മയക്കുമരുന്നുകളുടെ പട്ടികയിലേക്ക് ഉള്‍പ്പെടുത്താനുള്ള നീക്കവുമായി തായ്‌ലാന്‍ഡ്. വിനോദ ഉദ്ദേശത്തോടെയുള്ള കഞ്ചാവ് ഉപയോഗം കുറ്റകരമല്ലെന്ന് പ്രഖ്യാപിച്ച ആദ്യത്തെ ഏഷ്യന്‍ രാജ്യങ്ങളിലൊന്നായി മാറിയതിന് രണ്ട് വര്‍ഷത്തിന് പിന്നാലെയാണ് തായ്‌ലാന്‍ഡ് നിര്‍ണായക തീരുമാനത്തില്‍ യുടേണ്‍ അടിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെ കഞ്ചാവിനെ മയക്കുമരുന്നിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് തായ്‌ലാന്‍ഡ് പ്രധാനമന്ത്രി ശ്രഥ തവിസിന്‍ വ്യക്തമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വിശദമാക്കിയത്.
നിയന്ത്രണങ്ങളുടെ അഭാവം കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുന്നതായും കുട്ടികള്‍ക്ക് പോലും കഞ്ചാവ് ലഭ്യമായിത്തീരുന്ന സാഹചര്യമുണ്ടായതാണ് കഞ്ചാവിനെ വീണ്ടും നിരോധിക്കാന്‍ കാരണം.
ആരോഗ്യ മന്ത്രാലയം ആവശ്യമായ നിയമങ്ങള്‍ തിരുത്തി കഞ്ചാവിനെ വീണ്ടും മയക്കുമരുന്നിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. മയക്കുമരുന്ന് എന്നത് രാജ്യത്തിന്റെ ഭാവിയെ നശിപ്പിക്കുന്ന വലിയ പ്രശ്നമാണ്. നിരവധി യുവാക്കള്‍ ഇതിന്റെ അടിമകളായിരിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നത്.