+

ദിലീപേട്ടന്റെ സിനിമ കൊള്ളില്ലെന്ന് തെറ്റിദ്ധരിച്ചു, റിവ്യൂ കണ്ടപ്പോള്‍ തോന്നിയതാണ്..സിനിമാ റിവ്യൂ നടത്തുന്നവരെ വിമര്‍ശിച്ചു കൊണ്ട് നടന്‍ അസീസ് നെടുമങ്ങാട്

റിവ്യൂ എന്നത് ഒരാളുടെ അഭിപ്രായമാണ്. ആ അഭിപ്രായം പറയുന്നതില്‍ ഒരു തെറ്റും ഇല്ല.

ദിലീപ് ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യെ പ്രശംസിച്ച് നടന്‍ അസീസ് നെടുമങ്ങാട്. സിനിമാ റിവ്യൂ നടത്തുന്നവരെ വിമര്‍ശിച്ചു കൊണ്ടാണ് നടന്റെ പോസ്റ്റ്. റിവ്യൂ കണ്ട് തെറ്റിദ്ധരിച്ചതിനാല്‍ സിനിമ കൊള്ളില്ലെന്ന് കരുതിയിരുന്നു എന്നാണ് നടന്‍ പറയുന്നത്. സിനിമാ റിവ്യു നടത്തുന്നവര്‍ അവരുടെ ഇഷ്ടമില്ലായ്മ മറ്റുള്ളവരിലും അടിച്ചേല്‍പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
അസീസ് നെടുമങ്ങാടിന്റെ കുറിപ്പ്:

റിവ്യൂ എന്നത് ഒരാളുടെ അഭിപ്രായമാണ്. ആ അഭിപ്രായം പറയുന്നതില്‍ ഒരു തെറ്റും ഇല്ല. പക്ഷേ സ്വന്തം ഇഷ്ടമില്ലായ്മ മറ്റുള്ളവരിലും അടിച്ചേല്‍പിക്കുക എന്നത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ റിവ്യൂ കണ്ടപ്പോള്‍ സിനിമ കൊള്ളില്ലെന്ന് ഞാനും തെറ്റിദ്ധരിച്ചുപോയി. പക്ഷേ, കുറച്ച് സുഹൃത്തുക്കള്‍ സിനിമ കണ്ടിട്ട് ദിലീപേട്ടന്റെ കുറച്ച് നാളുകള്‍ക്ക് ശേഷം നല്ലൊരു സിനിമ കണ്ടു എന്ന് അവര്‍ പറഞ്ഞു. ഞാനും പോയി പടം കണ്ടു.

പ്രിയ റിവ്യൂ ഇടുന്ന സുഹൃത്തുക്കളെ, ഇത്രയും മനോഹരമായ സിനിമയെ നിങ്ങള്‍ ഇങ്ങനെ പറഞ്ഞല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുവാ! ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടില്ല. ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനും പോകുന്നില്ല. നല്ലതിനെ നല്ലതായി അംഗീകരിക്കാനുള്ള മനസ്സുണ്ടായാല്‍ മതി. അടിപൊളി സിനിമ... ധൈര്യമായിട്ട് ഫാമിലിയുമായി പോയി കാണാം. ഓള്‍ ദി ബെസ്റ്റ് ദിലീപേട്ടാ.

അതേസമയം, ബിന്റോ സ്റ്റീഫന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പ്രിന്‍സ് ആന്‍ഡ് ഫാമിലി മെയ് 9ന് ആണ് റിലീസ് ചെയ്തത്. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. ധ്യാന്‍ ശ്രീനിവാസന്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍, ജോണി ആന്റണി, മഞ്ജു പിള്ള തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.

facebook twitter